മുംബൈ: ഇന്ത്യന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍റെ 41-ാം ജന്മദിനമായിരുന്നു തിങ്കളാഴ്‌ച. ക്രിക്കറ്റ് ലോകത്തുനിന്ന് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ സഹീറിന് ആശംസകളറിയിച്ചു. എന്നാല്‍ സഹീറിനുള്ള ആശംസയുടെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. 

പിറന്നാള്‍ ആശംസകള്‍ സഹീര്‍... ഞാന്‍ ചെയ്‌തതുപോലെ ബൗണ്ടറിക്ക് പുറത്തേക്കടിക്കാന്‍ താങ്കള്‍ക്കും കഴിയുമെന്നാണ് വിശ്വാസം- ഇതായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ്. ആഭ്യന്തര ക്രിക്കറ്റിലെ ഒരു മത്സരത്തില്‍ സഹീറിനെ ബൗണ്ടറി പായിക്കുന്ന വീഡിയോ സഹിതമായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. 

പാണ്ഡ്യയുടെ ആശംസ ഇന്ത്യകണ്ട എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ സഹീര്‍ ഖാനെ അപമാനിക്കുന്നതാണ് എന്ന വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. പാണ്ഡ്യ മികച്ച താരമായിരിക്കാം, എന്നാല്‍ നല്ല മനുഷ്യനല്ല എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. ടോക് ഷോകളുടെ പുറത്ത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ തുടങ്ങും, സഹീറിനെ പോലെ ഇന്ത്യക്കായി ലോകകപ്പ് നേടിത്തരും എന്നുമാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ മറുപടി.  

ക്രിക്കറ്റിലെ കിംഗ് ഖാനായ സഹീര്‍

ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റുകളില്‍ നിന്ന് 610 വിക്കറ്റുകള്‍ നേടിയ പേസറാണ് സഹീര്‍ ഖാന്‍. 14 വര്‍ഷം നീണ്ട കരിയറില്‍ 2011 ലോകകപ്പ് നേട്ടം ശ്രദ്ധേയമാണ്. മൂന്ന് ലോകകപ്പുകളില്‍(2003, 2007, 2011) ഇന്ത്യയുടെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി സഹീര്‍ ഖാന്‍. ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ അരങ്ങേറിയ താരം 92 ടെസ്റ്റുകളില്‍ 311 വിക്കറ്റും 200 ഏകദിനങ്ങളില്‍ 282 വിക്കറ്റും സ്വന്തമാക്കി.

ഹാര്‍ദിക് പാണ്ഡ്യ ചികിത്സയില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20ക്കിടെ പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ സുഖംപ്രാപിച്ചുവരികയാണ്. കഴിഞ്ഞ ആഴ്‌ച ലണ്ടനില്‍ പാണ്ഡ്യ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ടി20 പരമ്പര പൂര്‍ത്തിയായ ശേഷം പാണ്ഡ്യ ലണ്ടനിലേക്ക് പോവുകയായിരുന്നു. ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ ബൗളിംഗിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യക്ക് ആദ്യം പരുക്കേറ്റത്. പാണ്ഡ്യ എപ്പോള്‍ ക്രീസിലേക്ക് മടങ്ങിയെത്തുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.