ആദ്യ ടി20യില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടോസിന് ശേഷമുള്ള ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ട്രിനിഡാഡ്: അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളാണ് ടീ ഇന്ത്യ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ ടീമിലേക്ക് അടുപ്പിച്ചിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റന് സൂര്യകുമാര്‍ യാദവും. ഹാര്‍ദിക് നേതൃത്വത്തിലുള്ള ടീമാണ് ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര കളിക്കുന്നത്. അടുത്തവര്‍ഷം, ടി20 ലോകകപ്പ് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും ആയതിലാണ് പരമ്പരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ആദ്യ ടി20യില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടോസിന് ശേഷമുള്ള ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഈറനണിഞ്ഞതാണ് സംഭവം. ദേശീയ ഗാനത്തിനിടെ അദ്ദേഹം കണ്ണുകള്‍ തുടയ്ക്കുന്നുണ്ടായിരുന്നു. ആരാധകര്‍ ദൃശ്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ചില ട്വീറ്റുകള്‍ വായിക്കാം...
ആദ്യമായിട്ടല്ല ഹാര്‍ദിക് ഇത്തരത്തില്‍ വികാരനിര്‍ഭരമാകുന്നത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ജയിച്ചപ്പോഴും ഹാര്‍ദിക്കിന് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് മൂന്ന് വിക്കറ്റെടുക്കുന്നതിനൊപ്പം 40 റണ്‍സെടുക്കാനും താരത്തിന് സാധിച്ചിരുന്നു.
ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ കളിച്ചത്.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.
വെസ്റ്റ് ഇന്‍ഡീസ്: കെയ്ല്‍ മയേഴ്‌സ്, ബ്രന്‍ഡന്‍ കിംഗ്, ജോണ്‍സണ്‍ ചാര്‍ളസ്, നിക്കോളാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെഫേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, ഒബെദ് മക്‌കോയ്.

