വിജയത്തിന് പിന്നാലെ ആറാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സ്.
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയ സ്വന്തമാക്കിയിരുന്നു. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 15.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ (45 പന്തില്‍ 76), സൂര്യകുമാര്‍ യാദവ് (30 പന്തില്‍ 68) എന്നിവരുടെ ഇന്നിംഗ്സുകളാണ് മുംബൈയെ നാലാം വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈക്ക് ശിവം ദുബെ (32 പന്തില്‍ 50), രവീന്ദ്ര ജഡേജ (35 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആയുഷ് മാത്രെ (15 പന്തില്‍ 32) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജസ്പ്രിത് ബുമ്ര മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇപ്പോള്‍ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ഹാര്‍ദിക്കിന്റെ വാക്കുകള്‍... ''ഉയര്‍ന്ന സ്‌കോറുള്ള ഒരു മത്സരമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത് മനസിലാക്കി തന്നെയണ് ഗ്രൗണ്ടിലിറങ്ങിയതും. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ബാറ്റ് ചെയ്യുന്നത് പുറത്ത് നിന്ന് കാണുമ്പോള്‍ ഒരുപാട് ആശ്വാസം തോന്നുന്നു. രോഹിതിന്റെ ഫോമിനെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴെല്ലാം എതിര്‍ ടീമുകള്‍ കളിക്കളത്തില്‍ ഇല്ലാതാകുമെന്ന് ഞങ്ങള്‍ക്കറിയാം. സൂര്യ ബാറ്റ് ചെയ്ത രീതിയും മികച്ചതായിരുന്നു. ആ കൂട്ടുകെട്ട് കളിയെ മുന്നോട്ട് കൊണ്ടുപോയി. ഞങ്ങളുടെ പദ്ധതികളില്‍ ഉറച്ചുനില്‍ക്കുകയെന്നുള്ളതാണ് തന്ത്രം. പേസര്‍മാര്‍ കുറച്ച്് റണ്‍സ് വിട്ടുകൊടുത്തു. 175-180 എന്ന സ്‌കോര്‍ മികച്ചതായിരുന്നു. എന്നാല്‍ വിജയത്തിലേക്ക് എത്താനുള്ള കരുത്ത് ടീമിനുണ്ടായിരുന്നു.'' ഹാര്‍ദിക് വ്യക്തമാക്കി.
വിജയത്തിന് പിന്നാലെ ആറാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഇത്രയും തന്നെ പോയിന്റുണ്ട്. നാല് വിജയവും നാല് തോല്‍വിയും. ഇതോതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മറികടക്കാന്‍ മുംബൈക്ക് സാധിച്ചു. ചെന്നൈ അവസാന സ്ഥാനത്ത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമാണ് ചെന്നൈക്ക്. എട്ട് മത്സരങ്ങളില്‍ ആറെണ്ണം പരാജപ്പെട്ടു രണ്ട് മത്സരം മാത്രമാണ് ജയിച്ചത്. പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നാം സ്ഥാനത്തേക്കും കയറി.

