ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയുടെ ടെസ്റ്റ് ഭാവി സെലക്‌ടര്‍മാര്‍ തീരുമാനിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടീം ഇന്ത്യ പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരിക്കുന്നു. ഇംഗ്ലണ്ടിലെ ഓവലിലാണ് ഓസ്ട്രേലിയക്ക് എതിരായ കലാശപ്പോര് എന്നതിനാല്‍ പരിചയമുള്ള പേസ് ഓള്‍റൗണ്ടര്‍ ടീമിന്‍റെ കരുത്തുകൂട്ടും എന്നാണ് ബിസിസിഐ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ താനുണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാണ്ഡ്യയിപ്പോള്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തനിക്ക് സംഭാവനകളൊന്നും നല്‍കാന്‍ കഴിയാത്തതിനാല്‍ ഫൈനലില്‍ കളിക്കുന്നത് ധാര്‍മ്മികമല്ല എന്നാണ് ഹാര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം. 

പരിക്ക് കാരണം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മിക്ക മത്സരങ്ങളും ഹാര്‍ദിക് പാണ്ഡ്യക്ക് നഷ്‌ടമായിരുന്നു. എന്നാല്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയുടെ ടെസ്റ്റ് ഭാവി സെലക്‌ടര്‍മാര്‍ തീരുമാനിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. നിലവില്‍ ട്വന്‍റി 20 ടീമിന്‍റെ ക്യാപ്റ്റനായ പാണ്ഡ്യ പൂർണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ഏകദിന ടീമിന്‍റെ ഭാഗം കൂടിയാണ് അദേഹം. ടെസ്റ്റ് ഭാവി സംബന്ധിച്ച് ബിസിസിഐയും ശിവ് സുന്ദർ ദാസിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയും ഹാര്‍ദിക് പാണ്ഡ്യയുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനം കൈക്കൊള്ളുക എന്നായിരുന്നു സൂചനകള്‍. 

ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴാം തിയതി മുതലാണ് ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാംവട്ടമാണ് ഇന്ത്യ ഫൈനല്‍ കളിക്കുന്നത്. കഴിഞ്ഞ എഡിഷനില്‍ ഇന്ത്യയെ തോല്‍പിച്ച് ന്യൂസിലന്‍ഡ് കിരീടം ചൂടിയിരുന്നു. നാട്ടില്‍ 2-1ന് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നിഷ്പക്ഷ വേദിയില്‍ ഫൈനല്‍ കളിക്കാനിറങ്ങുക. ഫൈനലിന് വേദിയാവുന്ന ഓവലിലെ പിച്ച് പരമ്പരാഗതമായി പേസിനെ തുണക്കുന്ന പിച്ചാണ്. അതുകൊണ്ടുതന്നെ മൂന്നോ നാലോ പേസര്‍മാരുമായിട്ടായിരിക്കും ഇന്ത്യ ഫൈനലില്‍ ഇറങ്ങുക. ഇതോടെയാണ് പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയുടെ പേര് വീണ്ടും ടെസ്റ്റ് ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; സൂപ്പര്‍ ഓള്‍ റൗണ്ടര്‍ക്ക് ടീമില്‍ ഇടമുണ്ടാകില്ലെന്ന് ദിനേശ് കാര്‍ത്തിക്