ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കുന്നതിനോട് ആരാധകര്‍ക്ക് അത്ര മതിപ്പിക്കില്ല

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് വരാനുള്ളത് അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയാണ്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും അയര്‍ലന്‍ഡും തമ്മില്‍ നടക്കുക. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനും വിശ്രമം അനുവദിച്ചേക്കും എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റിന്‍റെ ഭാഗമായാണ് ഈ നടപടി എന്നാണ് വാര്‍ത്ത. അന്തിമ തീരുമാനം പിന്നീട് മാത്രമേ കൈക്കൊള്ളുകയുള്ളൂ. 

എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കുന്നതിനോട് ആരാധകര്‍ക്ക് അത്ര മതിപ്പിക്കില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാത്ത, ഏകദിനത്തിലും ടി20യിലും മാത്രമുള്ള പാണ്ഡ്യക്ക് എന്ത് വിശ്രമം നല്‍കണം എന്നാണ് ആരാധകരുടെ ചോദ്യം. രണ്ട് മാസമായി പാണ്ഡ്യ വിശ്രമത്തിലല്ലേ എന്നും ആരാധകര്‍ ചോദിക്കുന്നു. ഇന്ത്യന്‍ ടീമിന്‍റെ അയര്‍ലന്‍ഡ് പര്യടനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറാവും എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പര കളിച്ച് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര തിരിച്ചുവരും എന്നാണ് പ്രതീക്ഷ. ഒരു വര്‍ഷത്തോളമായി പരിക്കിന്‍റെ പിടിയിലായിരുന്ന താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലാണ്. 

അയർലന്‍ഡിലേക്ക് സീനിയർ താരങ്ങളെ ഒഴിവാക്കി യുവനിരയെ ഇന്ത്യന്‍ സെലക്ടർമാർ അയക്കാനാണ് സാധ്യത. ഹാര്‍ദിക് പാണ്ഡ്യക്കും ശുഭ്‌മാന്‍ ഗില്ലിനും മാത്രമല്ല, ഏഷ്യാ കപ്പ് മുന്‍നിർത്തി രോഹിത് ശർമ്മയും വിരാട് കോലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കും പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും. ഇതിനൊപ്പം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും സഹപരിശീലകർക്കും വിശ്രമം നല്‍കും. അയർലന്‍ഡില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‍മണായിരിക്കും മുഖ്യ പരിശീലകന്‍. ദ്രാവിഡിന്‍റെ അഭാവത്തില്‍ മുമ്പും വിവിഎസ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. 

Read more: മലിംഗ 2.0 പതിരാന അല്ല; ഇതിഹാസത്തിന്‍റെ മകന്‍ തന്നെ, അതേ ആക്ഷനില്‍ ദുവിന്‍ മലിംഗ- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം