മുംബൈയുടെ ഈ സീസൺ അവസാനിച്ചു ഏതാണ്ട് കഴിഞ്ഞു. ഒരു ക്യാപ്റ്റൻ തന്‍റെ ടീമിലെ ഓരോ താരത്തിന്‍റെയും ആത്മവിശ്വാസം നേടിയെടുക്കണംയ

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തീർത്തും ഒറ്റപ്പെടുന്നതായി റിപ്പോർട്ടുകൾ. പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീമിന്‍റെ പരാജയഭാരം മുഴുവൻ ഹാർദിക്കിന്‍റെ തലയിൽ വെച്ചുകെട്ടപ്പെടുമ്പോൾ, സഹതാരങ്ങളിൽ നിന്ന് അദ്ദേഹത്തിന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി തുറന്നടിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനോട് മുംബൈ സീസണിലെ ഏഴാം തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ക്രിക്ബസിനോട് സംസാരിക്കവെ തിവാരി ഹാര്‍ദിക്കിന് പിന്തുണയുമായി എത്തിയത്.

മുംബൈയുടെ ഈ സീസൺ അവസാനിച്ചു ഏതാണ്ട് കഴിഞ്ഞു. ഒരു ക്യാപ്റ്റൻ തന്‍റെ ടീമിലെ ഓരോ താരത്തിന്‍റെയും ആത്മവിശ്വാസം നേടിയെടുക്കണം, അദ്ദേഹം ഒരു യഥാർത്ഥ നേതാവാകണം. എന്നാൽ നിലവിൽ ഹാർദിക്കിനൊപ്പം ആരും നിൽക്കുന്നതായി എനിക്ക് തോന്നുന്നില്ല. ഒരു നായകൻ എന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കേണ്ട പിന്തുണ ടീമിനുള്ളിൽ നിന്ന് ലഭിക്കുന്നില്ല-തിവാരി പറഞ്ഞു. ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിക്കൊപ്പം തന്നെ ടീമിലെ മറ്റ് പ്രമുഖ താരങ്ങളുടെ സ്ഥിരതയില്ലാത്ത പ്രകടനവും പതനത്തിന് കാരണമായി തിവാരി ചൂണ്ടിക്കാട്ടി.

സൂര്യകുമാർ യാദവ് ഫോമിലേക്ക് ഉയരാൻനാവാതെ ബുദ്ധിമുട്ടുന്നു. തിലക് വർമ്മ ഒരു മത്സരത്തിൽ തിളങ്ങിയാൽ അടുത്ത മത്സരങ്ങളിൽ പരാജയപ്പെടുന്നു. രോഹിത് ശർമ്മ, സൂര്യകുമാർ, ഹാർദിക്, ജസ്പ്രീത് ബുംറ എന്നിങ്ങനെ നാലോളം ക്യാപ്റ്റൻമാരുള്ള ടീമായിട്ടും കൃത്യമായൊരു തന്ത്രം ആവിഷ്കരിക്കാൻ മുംബൈയ്ക്ക് കഴിയുന്നില്ല. മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇനി സാങ്കേതികമായി മാത്രമാണെന്ന് മുൻ സ്പിന്നർ മുരളി കാർത്തിക്കും പറഞ്ഞു.

ബാക്കിയുള്ള മത്സരങ്ങളെല്ലാം ജയിത്താലും മുംബൈക്ക് പരമാവധി 14 പോയിന്‍റ് മാത്രമെ നേടാനാവു. മറ്റു ടീമുകളായ ആർസിബി, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർ ഇതിനോടകം തന്നെ 12-13 പോയിന്‍റുകളിൽ എത്തിക്കഴിഞ്ഞു. മുംബൈ ഇനി എല്ലാ മത്സരങ്ങൾ ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചു മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക