ഏപ്രില്‍ ഒന്നിന് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹോം ഗ്രൗണ്ടായ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ ഹാര്‍ദ്ദിക്കിന് ഇതിലും വലിയ കൂവലായിരിക്കും നേരിടേണ്ടി വരികയെന്ന് മനോജ് തിവാരി.

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പുതിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടോസിനായി ഇറങ്ങിയപ്പോള്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാണികള്‍ കൂവലോടെയാണ് വരവേറ്റത്. പിന്നീട് ഗ്രൗണ്ടില്‍ നായ ഇറങ്ങിയപ്പോഴും കാണികള്‍ ഹാര്‍ദ്ദിക്കിന്‍റെ പേര് ഉറക്കെ വിളിച്ചു പറഞ്ഞ് അപമാനിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ ഒന്നിന് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹോം ഗ്രൗണ്ടായ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ ഹാര്‍ദ്ദിക്കിന് ഇതിലും വലിയ കൂവലായിരിക്കും നേരിടേണ്ടി വരികയെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.

എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് ഹാര്‍ദ്ദിക്കിനുണ്ടെന്നും മനോജ് തിവാരി പിടിഐയോട് പറഞ്ഞു. അഹമ്മദാബാദില്‍ നേരിട്ടതിനെക്കാള്‍ വലിയ കൂവലായിരിക്കും ഹാര്‍ദ്ദിക്കിന് മുംബൈയില്‍ നേരിടേണ്ടിവരികയെന്ന് ഉറപ്പാണ്. കാരണം മുംബൈ ആരാധകര്‍ക്കും രോഹിത് ശര്‍മ ആരാധകര്‍ക്കും ഹാര്‍ദ്ദിക്കിന് ക്യാപ്റ്റന്‍ സ്ഥാനം കൊടുത്തത് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. ആരും പ്രതീക്ഷിക്കാത്ത തീരുമാനമായിരുന്നു അത്. മുംബൈക്ക് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച രോഹിത്തിനെ മാറ്റിയത് ശരിയല്ലെന്ന് അവരിപ്പോഴും വിശ്വസിക്കുന്നു. രോഹിത്തിനെ മാറ്റാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെങ്കിലും ആരാധകര്‍ക്ക് അത് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പാണ്. അതാണിപ്പോള്‍ ഫീല്‍ഡിലും കാണുന്നത്.

തോൽവിക്ക് പിന്നാലെ ഗില്ലിന്‍റെ ചെവിക്ക് പിടിച്ച് മാച്ച് റഫറി, ഒന്നോ രണ്ടോ ലക്ഷമല്ല ഗില്ലിന് 12 ലക്ഷം പിഴ

എന്നാല്‍ ഇത്തരം തിരിച്ചടികളെയൊക്കെ നേരിടാന്‍ ഹാര്‍ദ്ദിക്കിന് കഴിവുണ്ട്. ആദ്യ മത്സരത്തില്‍ അഹമ്മദാബാദിലെ കാണികള്‍ കൂവിയപ്പോള്‍ അദ്ദേഹം ശാന്തമായും പക്വതയോടെയുമാണ് അത് കൈകാര്യം ചെയ്തത്. അത് നല്ലൊരു ക്യാപ്റ്റന്‍റെ ലക്ഷണമാണ്. പുറത്തുനിന്നുള്ള ഇത്തരം വിമര്‍ശനങ്ങളെയെല്ലാം അവഗണിച്ച് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താനാണ് ഹാര്‍ദ്ദിക് ശ്രമിക്കേണ്ടത്. ഇനി കൂവല്‍ കിട്ടിയില്ലെങ്കില്‍ പോലും മികച്ച പ്രകടനം നടത്തിയാല്‍ മാത്രമെ ഹാര്‍ദ്ദിക്കിന് ലോകകപ്പ് ടീമില്‍ തിരിച്ചെത്താനാവു. കാരണം ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ഫോമും ഫിറ്റ്നെസും പ്രധാനമാണ്. രാജ്യത്തെ നമ്പര്‍ വണ്‍ ഓള്‍ റൗണ്ടറെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന് ഐപിഎല്ലില്‍ തിളങ്ങേണ്ടത് അനിവാര്യമാണെന്നും മനോജ് തിവാരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക