തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം കോച്ച് അമോല്‍ മജൂംദാറിന്‍റെ ശകാരമായിരുന്നു ഇതിനെല്ലാം കാരണമായതെന്ന് തുറന്നു പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍.
മുംബൈ: ഏകദിന ലോകകപ്പിനിറങ്ങുമ്പോള്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഫേവറൈറ്റുകളുടെ കൂട്ടത്തിലായിരുന്നു. അതിന് അനുസരിച്ചാണ് ടൂര്‍ണമെന്‍റ് തുടങ്ങിയതും. എന്നാല്‍ ആദ്യ രണ്ട് കളിയിലെ ജയത്തിനുശേഷം ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസ്ട്രേലിയയോടും അവസാനം ഇംഗ്ലണ്ടിനോടും തുടര്‍ച്ചയായി തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ പോലും തുലാസിലായി. ഒടുവില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് അവസാന സ്ഥാനക്കാരായാണ് ഇന്ത്യ സെമി ടിക്കറ്റെടുത്തത്.
സെമിയില്‍ മൈറ്റി ഓസീസിനെ തകര്‍ത്ത് ഫൈനലിലെത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് പ്രതികാരം വീട്ടി കന്നി ലോകകപ്പ് കിരീടത്തിലും. എന്നാല്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം കോച്ച് അമോല്‍ മജൂംദാറിന്‍റെ ശകാരമായിരുന്നു ഇതിനെല്ലാം കാരണമായതെന്ന് തുറന്നു പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍. കഴിഞ്ഞ മാസം ഞങ്ങള്‍ പ്ലാന്‍ ചെയ്തതുപോലെ തന്നെയായിരുന്നു കാര്യങ്ങളെല്ലാം നടന്നത്. ഞങ്ങളെല്ലാവരും കിരീടപ്രതീക്ഷയിലുമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ജയിക്കാവുന്ന മത്സരം തോറ്റ് സെമി സാധ്യത തുലാസിലായതോടെ ഞങ്ങളുടെയെല്ലാം ഹൃദയം തകര്‍ന്നു.
ആ മത്സരം ഞങ്ങള്‍ ജയിക്കേണ്ടതായിരുന്നു. അവസാന മൂന്നോവറില്‍ ജയിക്കാന്‍ 27 റണ്‍സ് മാത്രം മതിയായിരുന്നു ഞങ്ങള്‍ക്ക്. പക്ഷെ അത് നേടാനാവാതെ ഞങ്ങള്‍ തകര്‍ന്നടിഞ്ഞു. ആ മത്സരത്തിനുഷേശം ഡ്രസ്സിംഗ് റൂമിലെത്തിയ ഞങ്ങളോട് കോച്ച് അമോല്‍ മജൂംദാര്‍ പറഞ്ഞത്, ഇതൊക്കെ ഒരുപാട് തവണ കണ്ടിട്ടുണ്ട്, വീണ്ടും വീണ്ടും ഒരേ പിഴന് ആവര്‍ത്തിക്കാൻ നിങ്ങള്‍ക്ക് ആവില്ലെന്നായിരുന്നു. അതിന്‍റെ സമയമൊക്കെ കഴിഞ്ഞുവെന്ന് അല്‍പം ദേഷ്യത്തോടെ തന്നെ അദ്ദേഹം ഞങ്ങളുടെ മുഖത്തുനോക്കി പറഞ്ഞു.
കോച്ചിന്‍റെ ശകാരത്തിനുശേഷം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കല്ലെന്ന ഉറച്ച മനസോടെയാണ് ഞങ്ങള്‍ പിന്നീട് ഓരോ മത്സരത്തിനും ഇറങ്ങിയത്. ഓരോരുത്തരുടെ മനസിലും അദ്ദേഹം പറഞ്ഞ വാക്കുകള്‍ മുഴങ്ങുന്നുണ്ടായിരുന്നുവെന്നും ഹര്‍മന്‍പ്രീത് മത്സരശേഷം പറഞ്ഞു.
