ഞാന്‍ സുഖമായിരിക്കുന്നു. നിങ്ങളേറെപ്പേര്‍ ആശങ്കയിലായതില്‍ ക്ഷമ ചോദിക്കുന്നു- ഹര്‍ഷാ ഭോഗ്‌ലെ

മുംബൈ: ഇന്‍സ്റ്റഗ്രാം ലൈവിനിടെ പ്രശസ്‌ത ക്രിക്കറ്റ് കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയുടെ (Harsha Bhogle) വീഡിയോ തടസപ്പെട്ടതായി ദൃശ്യം വൈറലായതോടെ ആരാധകര്‍ വലിയ അങ്കലാപ്പിലായിരുന്നു. 'ഭോഗ്‌ലെയ്‌ക്ക് എന്ത് സംഭവിച്ചു' എന്ന ചോദ്യവുമായി പിന്നാലെ നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തെത്തിയത്. ആശങ്ക നിറഞ്ഞ മണിക്കൂറിനൊടുവില്‍ വീഡിയോയുടെ കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഭോഗ്‌ലെ ഇപ്പോള്‍.

ഞാന്‍ സുഖമായിരിക്കുന്നു. നിങ്ങളേറെപ്പേര്‍ ആശങ്കയിലായതില്‍ ക്ഷമ ചോദിക്കുന്നു. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളേറെ വീഡിയോ വൈറലായി. ഇതുമൊരു പാഠമാണ്. മറ്റൊരു ലക്ഷ്യമായിരുന്നു വീഡിയോയ്‌ക്കുണ്ടായിരുന്നത്. സോറി... എന്നാണ് ഹര്‍ഷാ ഭോഗ്‌‌ലെയുടെ വിശദീകരണ ട്വീറ്റ്. ഭോഗ്‌ലെയുടെ ഒരു അഭിമുഖത്തിന്‍റെ പ്രൊമോയാണ് ആളുകളെ ആശങ്കയിലാക്കും വിധം ട്വിറ്ററില്‍ വൈറലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Scroll to load tweet…
Scroll to load tweet…

ഇന്‍സ്റ്റഗ്രാം ലൈവിനിടെ ഭോഗ്‌ലെയുടെ വീഡിയോ തടസപ്പെട്ടതായിരുന്നു സംഭവം. ഹര്‍ഷാ ഭോഗ്‌ലെയുമായുള്ള അഭിമുഖം തടസപ്പെട്ടപ്പോള്‍ കാരണമറിയാതെ അവതാരകന്‍ പരിഭ്രാന്തനാവുന്നത് വീഡിയോയില്‍ കാണാം. ഭോഗ്‌ലെയുടെ ക്യാമറ മറിഞ്ഞുവീണു എന്നാണ് ആദ്യം കരുതിയത്. എന്താണ് സംഭവിച്ചത് എന്ന് അവതാരകന്‍ ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തം. ഭോഗ്‌ലെയ്‌ക്ക് എന്തുപറ്റി എന്ന ചോദ്യവുമായി ഇതോടെ ആരാധകര്‍ ട്വിറ്ററില്‍ രംഗത്തെത്തുകയായിരുന്നു. ഇത് ദേശീയ തലത്തില്‍ വാര്‍ത്തയാവുകയും ചെയ്‌തു. 

Scroll to load tweet…

ലൈവ് അഭിമുഖത്തിനിടെ ഹര്‍ഷാ ഭോഗ്‌ലെ വീഡിയോയില്‍ നിന്ന് അപ്രത്യക്ഷം; എന്തുപറ്റി എന്ന ചോദ്യവുമായി ആരാധകര്‍