അവസാനം നടന്ന ഏകദിന പരമ്പരയില്‍ പാകിസ്ഥാനോട് 3-0ന് തോറ്റെങ്കിലും വലിയ ആത്മവിശ്വാസത്തിലാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ്

കാബൂള്‍: ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് 17 അംഗ സ്ക്വാഡ‍് പ്രഖ്യാപിച്ച് അഫ്‌ഗാനിസ്ഥാന്‍. ഹഷ്‌മത്തുള്ള ഷാഹിദിയാണ് ക്യാപ്റ്റന്‍. ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കരീം ജനത് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയതാണ് ശ്രദ്ധേയം. 2017ലായിരുന്നു കരീം അവസാനമായി ഇതിന് മുമ്പ് ഏകദിനം കളിച്ചത്. നാല് സ്‌പിന്നര്‍മാര്‍ സ്‌ക്വാഡിലുള്ളതാണ് എതിരാളികള്‍ക്ക് അഫ്‌ഗാനിസ്ഥാന്‍ നല്‍കുന്ന പേടിപ്പിക്കുന്ന സന്ദേശം. സെപ്റ്റംബര്‍ മൂന്നിന് ബംഗ്ലാദേശിന് എതിരെയാണ് ഏഷ്യാ കപ്പില്‍ അഫ്‌ഗാന്‍റെ ആദ്യ മത്സരം. 

സൂപ്പര്‍ ടീം

അവസാനം നടന്ന ഏകദിന പരമ്പരയില്‍ പാകിസ്ഥാനോട് 3-0ന് തോറ്റെങ്കിലും വലിയ ആത്മവിശ്വാസത്തിലാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ്. ഇടംകൈയന്‍ ബാറ്റര്‍ ഹഷ്‌മത്തുള്ള ഷാഹിദി നയിക്കുന്നതാണ് ഏഷ്യാ കപ്പിനുള്ള അഫ്‌ഗാന്‍ സ്‌ക്വാഡ‍്. മുഹമ്മദ് നബിയും റാഷിദ് ഖാനും അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ട്. മത്സരങ്ങള്‍ക്ക് വേദിയാവുന്ന പാകിസ്ഥാനിലെയും ശ്രീലങ്കയിലേയും പിച്ചുകള്‍ പരിഗണിച്ച് റാഷിദ് ഖാന്‍ ഉള്‍പ്പടെ നാല് സ്‌പിന്നര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റാഷിദിനൊപ്പം മുജീബ് ഉര്‍ റഹ്‌മാന്‍, നൂര്‍ അഹമ്മദ്, ഷറഫുദ്ദീന്‍ അഷ്‌റഫ് എന്നിവര്‍ ചേരുന്ന നാല്‍വര്‍ സ്‌പിന്‍ സംഘം എതിരാളികള്‍ക്ക് ഭീഷണിയാവും. മികച്ച ഫോമിലുള്ള റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ടീമിലെ ബാറ്റിംഗ് കരുത്ത്. 

അഫ്‌ഗാന്‍ സ്‌ക്വാഡ്: ഹഷ്‌മത്തുള്ള ഷാഹിദി(ക്യാപ്റ്റന്‍), ഇബ്രാഹിം സദ്രാന്‍, റിയാസ് ഹസന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍, ഇക്രം അലി ഖില്‍, കരീം ജനാത്, ഗുല്‍ബാദിന്‍ നൈബ്, മുഹമ്മദ് നബി, മുദീബ് ഉര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫറൂഖി, ഷറഫുദ്ദീന്‍ അഷ‌്റഫ്, നൂര്‍ അഹമ്മദ്, അബ്‌ദുള്‍ റഹ്‌മാന്‍, മുഹമ്മദ് സലീം

തിരിച്ചെത്തി കരീം

ട്വന്‍റി 20 ടീമിലെ നിര്‍ണായക താരമാണെങ്കിലും 25കാരനായ ഓള്‍റൗണ്ടര്‍ കരീം ജനത് 2017ല്‍ ഏകദിന അരങ്ങേറ്റം കളിച്ച ശേഷം 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. അഫ്‌ഗാനിസ്ഥാനെ ഒരു ടെസ്റ്റിലും 47 രാജ്യാന്തര ട്വന്‍റി 20 മത്സരങ്ങളിലും പ്രതിനിധീകരിച്ച താരം 42 ലിസ്റ്റ് എ മാച്ചില്‍ 1664 റണ്‍സും ഒരു അഞ്ച് വിക്കറ്റ് നേട്ടവും പേരിലാക്കി താരമാണ്.

Read more: 6 സിക്‌സ്, 22 പന്തില്‍ 56* റണ്‍സ്; 47-ാം വയസിലും കാലിസ് എന്നാ ഒരിതാ- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം