മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റ് ചര്‍ച്ചകളില്‍ സജീവമാണ് പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷൊയൈബ് അക്‌തര്‍. വിരമിച്ച ശേഷം ക്രിക്കറ്റ് കമന്‍ററി രംഗത്തും സാമൂഹ്യമാധ്യമങ്ങളിലും മുന്‍താരം സജീവമാണ്. 150 കി.മീ വേഗത്തില്‍ തീതുപ്പും പന്തുകളുമായി ബാറ്റ്സ്‌മാന്‍മാരെ വിറപ്പിച്ചിരുന്ന താരം ഇപ്പോള്‍ യൂടൂബ് വീഡിയോകളിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്നുണ്ട്. 

എന്നാല്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്നു വീരേന്ദര്‍ സെവാഗിനെതിരെ അക്‌തര്‍ അവസാന വീഡിയോയില്‍ നടത്തിയ ഒരു പരാമര്‍ശം വിവാദമാവുകയാണ്. വീരുവിനെതിരെ അല്‍പം കടന്ന പരാമര്‍ശമാണ് റാവല്‍പിണ്ടി എക്‌സ്‌പ്രസ് നടത്തിയത്. 'നിങ്ങളുടെ തലയിലുള്ള മുടിയേക്കാള്‍ പണം എന്‍റെ കയ്യിലുണ്ട്' എന്നായിരുന്നു അക്‌തറിന്‍റെ കമന്‍റ്. വീരു ഇത് രസകരമായേ കാണൂ എന്നാണ് തന്‍റെ വിശ്വാസമെന്നും അക്‌തര്‍ വീഡിയോയില്‍ പറഞ്ഞു.

മൂന്ന് വര്‍ഷത്തിന് ശേഷം എന്തിനീ മറുപടി

ബിസിനസ് താല്‍പര്യങ്ങളുള്ളതിനാല്‍ അക്‌തര്‍ ഇന്ത്യന്‍ ക്രിക്കറ്റിനെയും താരങ്ങളെയും പ്രശംസകൊണ്ട് മൂടുന്നു എന്ന് സെവാഗ് 2016ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിനാണ് അക്‌തര്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. 

ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഞാന്‍ അഭിപ്രായം പറയുമ്പോള്‍ എന്തിനാണ് ചിലര്‍ക്ക് നോവുന്നത് എന്ന് മനസിലാവുന്നില്ല. ഞാന്‍ ഷൊയൈബ് അക്‌തറായി മാറാന്‍ 15 വര്‍ഷമെടുത്തു. ഒരു സുപ്രഭാതത്തില്‍ പ്രശസ്‌തനായതല്ല. യുടൂബില്‍ മാത്രമല്ല ഞാന്‍ പ്രശസ്‌തന്‍. ലോകത്തെ ഏറ്റവും വേഗമേറിയ ബൗളറാണ് ഞാന്‍. ശരിയാണ്, എനിക്ക് ഇന്ത്യയില്‍ വളരെയധികം ആരാധകരുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലെ പോലെ ഇന്ത്യന്‍ ടീം മോശം പ്രകടനം പുറത്തെടുക്കുമ്പോള്‍ ഞാന്‍ വിമര്‍ശിക്കാറുണ്ട്- അക്‌തര്‍ പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ദയനീയ തോല്‍വി വഴങ്ങിയ ശേഷം ശക്തമായി തിരിച്ചെത്തി പരമ്പര നേടിയ ഇന്ത്യന്‍ ടീമിനെ അക്‌തര്‍ പ്രശംസിച്ചു. കോലി അസാധാരണ നായകനാണ് എന്ന് അക്‌തര്‍ വിശേഷിപ്പിച്ചു. വിമര്‍ശിക്കുമ്പോഴും സെവാഗിന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് വീരു. ഇരുവരും തമ്മില്‍ വീഡിയോ സംഭാഷണം നടത്തുന്ന ദൃശ്യം അടുത്തിടെ അക്‌തര്‍ യൂടൂബില്‍ പങ്കുവെച്ചിരുന്നു.