ദില്ലി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രിക്കറ്റ് കളിച്ച് ധന സമാഹരണം നടത്തേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്ന കപില്‍ ദേവിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഷാഹിദ് അഫ്രീദി. ഷൊഹൈബ് അക്തറിനോടുള്ള കപില്‍ ദേവിന്‍റെ മറുപടി ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ നിരത്തുകളില്‍ മാലിന്യങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ആളുകളുടെ വീഡിയോ കണ്ടിട്ടുണ്ട്.തനിക്ക് ഏറെ ബഹുമാനമുള്ള താരമാണ് അദ്ദേഹം. കപില്‍ ദേവ് ഒരിക്കലും അത്തരത്തില്‍ പ്രതികരിക്കരുതായിരുന്നുവെന്ന് അഫ്രീദി കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് 19 രോഗബാധിതരെ സഹായിക്കാനായി ഫണ്ട് ശേഖരണാര്‍ത്ഥം ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര വേണമെന്ന പാക് മുന്‍ താരം ഷൊയൈബ് അക്തറുടെ പ്രസ്താവനക്ക് ഇന്ത്യക്കിപ്പോള്‍ പണത്തിന്റെ ആവശ്യമില്ലെന്നും ജനങ്ങളുടെ ജീവന്‍ പണയംവെച്ച് ക്രിക്കറ്റ് കളിക്കാനാവില്ലെന്നുമായിരുന്നു കപില്‍ ദേവിന്‍റെ മറുപടി. 
അക്തറിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. എന്നാല്‍ കൊവിഡ് ബാധിതരെ സഹായിക്കാന്‍ ഇന്ത്യക്ക് പണം സമാഹരിക്കേണ്ട ആവശ്യമില്ല. കാരണം പണം നമുക്ക് ആവശ്യത്തിനുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഈ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നും ഒരുപാട് ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതും അവസാനിപ്പിക്കേണ്ട സമയമായെന്നും കപില്‍ പറഞ്ഞിരുന്നു.

കൊവിഡ് ബാധിതരെ സഹായിക്കാനായി ബിസിസിഐ 51 കോടി രൂപയാണ് സംഭാവന ചെയ്തത്. അതിനുള്ള സാമ്പത്തികസ്ഥിതി ബിസിസിഐക്കുണ്ട്. ആവശ്യം വരികയാണെങ്കില്‍ ഇനിയും സംഭാവന നല്‍കാനാവും. അതിനായി ക്രിക്കറ്റ് മത്സരം നടത്തേണ്ട കാര്യമില്ല. കാരണം, ഈ ഘട്ടത്തില്‍ അത് നമ്മുടെ താരങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന കാര്യമാണെന്നും കപില്‍ പറഞ്ഞിരുന്നു. പാവപ്പെട്ടവരെ സഹായിക്കാനും ലോക്ക് ഡൌണ്‍ കാരണം പ്രതിസന്ധിയിലായ സാധരണക്കാരെ സഹായിക്കാനുമാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കേണ്ടത്. കാരണം രാജ്യത്തേക്കാള്‍ വലുതല്ല, ക്രിക്കറ്റ്. പാവങ്ങളും ആശുപത്രി ജീവനക്കാരും പോലീസും തുടങ്ങി ഈ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളവര്‍ക്കാകണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും കപില്‍ പ്രതികരിച്ചിരുന്നു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യക്കാവുന്നു എന്നതില്‍ ആഭിമാനമുണ്ടെന്നും മറ്റുള്ളവരെ സഹായിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും കപില്‍ പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാകേണ്ടെന്നും നെല്‍സണ്‍ മണ്ടേല 27 വര്‍ഷം കഴിച്ചുകൂട്ടിയത് ജയിലിലെ ഒരു ചെറിയ സെല്ലിലായിരുന്നുവെന്നത് മറക്കരുതെന്നും കപില്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ദുബായ് പോലുള്ള നിഷ്പക്ഷ വേദികളില്‍ ഇന്ത്യ-പാക് പമ്പര നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ലോക്ക് ഡൌണായതിനാല്‍ കളിക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ദുബായില്‍ എത്തിക്കാമെന്നും അക്തര്‍ പറഞ്ഞിരുന്നു. ഒരുപക്ഷെ ഈ പരമ്പര ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരക്ക് തന്നെ ഇതുവഴി തുടക്കം കുറിക്കാനാകുമെന്നും അക്തര്‍ വ്യക്തമാക്കിയിരുന്നു.