മുംബൈ: ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ പ്രതിസന്ധിക്കുള്ള പരിഹാരമാണ് ശ്രേയസ് അയ്യരെന്ന് ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ശ്രേയസ് അയ്യരുടെ പ്രകടനം നോക്കിയാല്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെ നാലാം നമ്പറിലേക്ക് അനുയോജ്യനായ കളിക്കാരനാണ് ശ്രേയസെന്നും പ്രസാദ് പറഞ്ഞു.

2017ല്‍ ഇന്ത്യക്കായി അരങ്ങേറ്റംകുറിച്ചശേഷം ക്യാപ്റ്റ്ന്‍ വിരാട് കോലി ടീമില്‍ തിരിച്ചെത്തിയപ്പോഴാണ് ശ്രേയസ് അയ്യര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായത്. പിന്നീട് 18 മാസങ്ങള്‍ക്ക് ശേഷമാണ് ശ്രേയസ് ടീമില്‍ തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ വിന്‍ഡീനെതിരെയും ബംഗ്ലാദേശിനെയും ശ്രേയസ് പുറത്തെടുത്ത പ്രകടനം വിലയിരുത്തിയാല്‍ നാലാം നമ്പറിലേക്ക് ഇന്ത്യക്ക് ഉറപ്പായും പരീക്ഷിക്കാവുന്ന ബാറ്റ്സ്മാനാണ് ശ്രേയസ്.  ലോകകപ്പിന് മുമ്പുള്ള കാലയളവില്‍ ശ്രേയസിന് ഇന്ത്യക്കായി കളിക്കാന്‍ കഴിയാതിരുന്നത് നിര്‍ഭാഗ്യകരമായിരുന്നുവെന്നും പ്രസാദ് പറഞ്ഞു.

ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് 12 ഓളം താരങ്ങളെയാണ് എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പരീക്ഷിച്ചത്. ലോകകപ്പില്‍ പരീക്ഷിച്ച വിജയ് ശങ്കറാകട്ടെ പരാജയമാകുകയും ചെയ്തു. നാലാം നമ്പറിലെ പരീക്ഷണത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയും ചെയ്തു. എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി ഈ മാസത്തോടെ പൂര്‍ത്തിയാവും.