ഷഹീൻ ഏകദിന ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്നാൽ സത്യത്തിൽ അദ്ദേഹം ടീമിൽ പോലും സ്ഥാനം നേടാൻ അർഹനല്ല എന്നതാണ് യാഥാർത്ഥ്യം.
ഇസ്ലാമാബാദ്: പാകിസ്ഥാൻ ടീം നായകനും പ്രധാന പേസറുമായ ഷഹീൻ ഷാ അഫ്രീദിയുടെ പ്രകടനത്തെയും ടീമിലെ സ്ഥാനത്തെയും ചോദ്യം ചെയ്ത് മുൻ താരം റഷീദ് ലത്തീഫ്. ഷഹീനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിനെതിരെ ഭാര്യാപിതാവ് കൂടിയായ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് ലത്തീഫും വിമര്‍ശനം കടുപ്പിച്ചത്.
ഷഹീൻ ഏകദിന ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്നാൽ സത്യത്തിൽ അദ്ദേഹം ടീമിൽ പോലും സ്ഥാനം നേടാൻ അർഹനല്ല എന്നതാണ് യാഥാർത്ഥ്യം. ഷഹീനെ ടി20 നായകനാക്കണമെന്ന് പറഞ്ഞ് ചിലർ പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ നിലവിലെ ഫോം അനുസരിച്ച് ടീമിലെ സ്ഥാനം പോലും അദ്ദേഹത്തിന് അർഹതപ്പെട്ടതല്ല. ആ സമയമൊക്കെ കഴിഞ്ഞുപോയെന്ന് ലത്തീഫ് പറഞ്ഞു.
ടി20 ലോകകപ്പിൽ പാകിസ്ഥാൻ പേസ് നിരയെ നയിച്ച അഫ്രീദി തീർത്തും നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യ, യുഎസ്എ, ശ്രീലങ്ക എന്നിവർക്കെതിരായ മത്സരങ്ങളിൽ അഫ്രീദി റൺസേറെ വഴങ്ങി നിരാശപ്രെടുത്തി. ഇന്ത്യക്കെതിരായ മത്സരത്തില്‍ രണ്ടോവര്‍ മാത്രമെറിഞ്ഞ ഷഹീന്‍ 31 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല. അമേരിക്കക്കെതിരെ നാലോവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് അഫ്രീദി നേടിയത്. ശ്രീലങ്കക്കെതിരായ നിര്‍ണായക സൂപ്പര്‍ 8 മത്സരത്തില്‍ അഫ്രീദിയെറിഞ്ഞ ഇരുപതാം ഓവറില്‍ ശ്രീലങ്ക മൂന്ന് സിക്സും ഒരു ഫോറും പറത്തി. ലോകകപ്പിന് പിന്നാലെ നടന്ന ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ പാകിസ്ഥാന്‍ 1-2ന് തോറ്റ് നാണംകെട്ടിരുന്നു.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഷഹീനെ ഏകദിന നായകനാക്കിയ സെലക്ടർമാരുടെ തീരുമാനത്തെ ഷാഹിദ് അഫ്രീദി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഏത് ഫോർമാറ്റിൽ ആരെ നായകനാക്കണമെന്ന ധാരണ സെലക്ടർമാർക്കില്ലെന്നായിരുന്നു അഫ്രീദിയുടെ ആരോപണം.
