കറാച്ചി: ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിയുടെ സ്ഥാനത്തിന് പുതിയ അവകാശിയെത്തിയിരിക്കുന്നുവെന്ന് പാക് പേസര്‍ ഷൊയൈബ് അക്തര്‍. എന്നാല്‍ അത് ഋഷഭ് പന്തോ, കെ എല്‍ രാഹുലോ അല്ല, മനീഷ് പാണ്ഡെ ആണ് ധോണിയുടെ പിന്‍ഗാമിയെന്ന് അക്തര്‍ പറഞ്ഞു.

ഒടുവില്‍ ഇന്ത്യ ധോണിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെ കണ്ടെത്തിയിരിക്കുന്നു. മനീഷ് പാണ്ഡെയാണ് ആ കളിക്കാരന്‍. ശ്രേയസ് അയ്യരും സമ്പൂര്‍ണ കളിക്കാരനാണ്. ഇവര്‍ രണ്ടുപേരും ചേരുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് ആഴം കൂടുന്നുവെന്നും അക്തര്‍ പറഞ്ഞു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി മികച്ച നായകനാണെന്നും എളുപ്പം തോറ്റുകൊടുക്കാന്‍ തയാറാവാത്ത ക്യാപ്റ്റനാണെന്നും അക്തര്‍ പറഞ്ഞ‌ു.

മാനസികമായി കരുത്തനാണ് കോലി. തിരിച്ചടികളില്‍ നിന്ന് എങ്ങനെ തിരിച്ചുവരണമെന്ന് അദ്ദേഹത്തിന് നല്ലപോലെ അറിയാം. അദ്ദേഹത്തിന്റെ കളിക്കാര്‍ക്കും അത് അറിയാം. രോഹിത്തിനെയും ധവാനെയും ശ്രേയസ് അയ്യരെയും കെ എല്‍ രാഹുലിനെയും പോലുള്ള പ്രതിഭകളുള്ള ടീം എതിരാളികളെ 300ന് താഴെ പുറത്താക്കിയാല്‍ പിന്നെ റണ്‍സ് പിന്തുടരുന്ന കാര്യം ചിന്തിക്കുകയെ വേണ്ട.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്കും ഓസീസിനും അഭിമാനപോരാട്ടമായിരുന്നുവെന്നും അക്തര്‍ പറഞ്ഞു. മുന്‍കാലത്തെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഈ ഇന്ത്യന്‍ ടീമിനുള്ള വ്യത്യാസം, സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഈ ടീം തകരില്ലെന്നതാണെന്നും അക്തര്‍ പറഞ്ഞു. എന്റെ കാലത്തെ ഇന്ത്യന്‍ ടീം ഇങ്ങനെയായിരുന്നില്ല. ആദ്യ മത്സരം തോറ്റതിനുശേഷം തിരിച്ചുവന്ന് പരമ്പര നേടുക എന്നത് എളുപ്പമല്ലെന്നും അക്തര്‍ പറഞ്ഞു.