ടെസ്റ്റ് ടീമിലെ പുതിയ ബാറ്റിംഗ് പൊസിഷന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഗില്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും കാര്‍ത്തിക്.

ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ടീം നായകനായി നിയമിതനായെങ്കിലും ശുഭ്മാന്‍ ഗില്ലിന് ഇപ്പോഴും ഏറ്റെടുത്ത ഉത്തരവാദിത്തത്തിന്‍റെ വലിപ്പം തിരിച്ചറിയാനായിട്ടില്ലെന്ന് മുന്‍ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്. ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് 25കാരനായ ഗില്ലിനെ ഇന്ത്യൻ നായകനായി തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഗില്ലിന്‍റെ മുന്നിലുള്ള ആദ്യ വെല്ലുവിളി.

ടെസ്റ്റ് ടീമിലെ പുതിയ ബാറ്റിംഗ് പൊസിഷന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഗില്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും കാര്‍ത്തിക് പറഞ്ഞു. തനിക്ക് മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് ഗില്ലിന് കൃത്യമാ ബോധ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നിരവധി ടീമുകള്‍ ഇവിടെയെത്തി തലകുനിച്ച് മടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനായിരിക്കുക എന്ന വലിയ ഉത്തരവാദിത്തത്തിന്‍റെ പ്രാധാന്യം ഗില്ലിന് ഇതുവരെ മനസിലായിട്ടില്ല. സിംഹത്തിന്‍റെ മടയിലേക്കാണ് അവന്‍ കയറിവന്നിരിക്കുന്നത്. ഇംഗ്ലണ്ടില്‍ കളിച്ച് തെളിയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഗില്ലിന് മുമ്പ് പല സൂപ്പര്‍ താരങ്ങള്‍ക്കും അതിന് കഴിഞ്ഞിട്ടില്ലെന്നും സ്കൈ സ്പോര്‍ട്സിന്‍റെ പോഡ് കാസ്റ്റില്‍ കാര്‍ത്തിക് പറഞ്ഞു.

പരമ്പരയില്‍ ഇംഗ്ലണ്ടിന്‍റെ ബൗളിംഗ് ദുര്‍ബലമാണെന്നത് ഗില്ലിന് അനുകൂലഘടകമാണ്. മികച്ച ബാറ്റിംഗിലൂടെ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഗില്ലിന് കഴിയും. ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് തീര്‍ച്ചയായും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കും. പക്ഷെ അവരുടെ ബൗളിംഗ് ദൗര്‍ബല്യം മുതലെടുത്താല്‍ നമുക്ക് തിരിച്ചടിക്കാൻ അവസരമുണ്ടാകുമെന്നും കാര്‍ത്തിക് പറഞ്ഞു.

പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് പേസ് നിരയില്‍ മാര്‍ക്ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍, ഗുസ് അറ്റ്കിന്‍സൺ എന്നിവരില്ലാത്തത് പരമ്പരയില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റിന് മുമ്പ് ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും വുഡിന് പരമ്പര പൂര്‍ണമായും നഷ്ടമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക