2006ലെ പാകിസ്ഥാൻ പര്യടനത്തിനിടെ വിമാനത്തിൽ വെച്ച് ഷാഹിദ് അഫ്രീദിയുമായുണ്ടായ വാക് പോരിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഇർഫാൻ പത്താൻ.

ബറോഡ: ഏഷ്യാ കപ്പില്‍ വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ വായടപ്പിച്ച കഥ ഓര്‍ത്തെടുത്ത് ഇന്ത്യൻ മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. 2006ലെ പാകിസ്ഥാന്‍ പര്യടനത്തിനിടെ വിമാനത്തില്‍വെച്ച് അഫ്രീദിയുമായുണ്ടായ വാക് പോരിനെക്കുറിച്ചാണ് പത്താന്‍ ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള വിമാനത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും താരങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര ചെയ്തത്. സീറ്റിലിരിക്കുകയായിരുന്ന എന്‍റെ അടുത്തെത്തി മുടിയില്‍ പിടിച്ചുകൊണ്ട് അഫ്രീദി ചോദിച്ചു, എന്തൊക്കെയുണ്ട് കുട്ടി, സുഖമാണോ എന്ന്, എന്നെ ഒന്ന് കൊച്ചാക്കുകയായിരുന്നു അഫ്രീദിയുടെ ഉദ്ദ്യേശം. അതുകേട്ട ഞാന്‍ തിരിച്ചു ചോദിച്ചു, നിങ്ങളെപ്പോഴാണ് എന്‍റെ അച്ഛനായതെന്ന്.

ആ സമയത്ത് ഒരു ആവശ്യവുമില്ലാത്ത കാര്യമാണ് അഫ്രീദി ചെയ്തത്. ഞാനും അഫ്രീദിയും തമ്മില്‍ സുഹൃത്തുക്കളൊന്നുമല്ല അങ്ങനെ ചോദിക്കാന്‍. എന്‍റെ മറുപടി കേട്ട് എന്തൊക്കെയോ ചീത്തവിളിച്ച് അഫ്രീദി സ്വന്തം സീറ്റില്‍ പോയിരുന്നു. സീറ്റില്‍ പോയിരുന്നശേഷവും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആ സമയം എന്‍റെ സീറ്റിന് തൊട്ടപ്പുറത്തെ സീറ്റിലിരിക്കുന്നുണ്ടായിരുന്നത് പാക് ഓള്‍ റൗണ്ടറായ അബ്ദുള്‍ റാസാഖായിരുന്നു. റസാഖിനോട് ഞാന്‍ ചോദിച്ചു, പാകിസ്ഥാനില്‍ എന്തൊക്കെ തരം ഇറച്ചിയാണ് ലഭിക്കുകയെന്ന്. എന്‍റെ ചോദ്യം കേട്ട് റസാഖ് ആദ്യമൊന്ന് അമ്പരന്നുവെങ്കിലും അദ്ദേഹം പാകിസ്ഥാനില്‍ കിട്ടുന്ന ഇറച്ചികളൊക്കെ വിശദമായി പറഞ്ഞു.

അതുകേട്ട ഞാന്‍ റസാഖിനോട് ചോദിച്ചു, ഇവിടെ പട്ടിയിറച്ചി കിട്ടുമോയെന്ന്. അഫ്രീദിയും ആ സമയം അടുത്ത് തന്നെ ഉണ്ടായിരുന്നു. എന്‍റെ ചോദ്യം കേട്ട് റസാഖ് ഞെട്ടി, എന്നിട്ട് എന്നോട് ചോദിച്ചു, ഇര്‍ഫാന്‍ നീ എന്താ ഇങ്ങനെയൊക്കെ പറയുന്നതെന്ന് എന്നോട് ചോദിച്ചു. അതിന് ഞാന്‍ നല്‍കിയ മറുപടി കേട്ട് റസാഖും അഫ്രീദിയും അമ്പരന്നു, പട്ടിയിറച്ചി കഴിച്ചതുകൊണ്ടാണോ അഫ്രീദി ഇങ്ങനെ കിടന്ന് കുരക്കുന്നത് എന്നായിരുന്നു ഞാന്‍ റസാഖിനോട് ചോദിച്ചത്. അതുകേട്ട് അഫ്രീദിയുടെയും റസാഖിന്‍റെയും വായടഞ്ഞു.

Scroll to load tweet…

അഫ്രീദി പറഞ്ഞതിനും ചെയ്തതിനുമാണ് ഞാന്‍ മറുപടി നല്‍കിയത്. അതിനുശേഷം വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതുവരെ അഫ്രീദി നിശബ്ദനായിരുന്നു. ഈ സംഭവത്തിനുശേഷം അഫ്രീദി പിന്നീട് എന്നെ പ്രകോപിപ്പിക്കാന്‍ വന്നിട്ടില്ല. കാരണം, അയാള്‍ക്ക് അറിയാമായിരുന്നു എന്നോട് വര്‍ത്തമാനം പറഞ്ഞ് പിടിച്ചു നില്‍ക്കാനാവില്ലെന്ന്-പത്താന്‍ പറഞ്ഞു.