Asianet News MalayalamAsianet News Malayalam

അവനടിക്കുന്ന സിക്സുകള്‍ ചെന്ന് വീഴുക മറൈന്‍ ഡ്രൈവില്‍; ചെന്നൈ താരത്തെ മുംബൈ ഭയക്കണമെന്ന് ആകാശ് ചോപ്ര

ഈ സീസണില്‍ അഞ്ച് ഇന്നിംഗ്സുകളില്‍  34*, 51, 18, 45, 28, എന്നിങ്ങനെയായിരുന്നു ദുബെയുടെ ബാറ്റിംഗ്

He will hit two or three balls to Marine Drive today, Aakash Chopra on Shivam Dube
Author
First Published Apr 14, 2024, 3:53 PM IST

മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരമെന്നതിനാല്‍ ബാറ്റിംഗ് പൂരം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളിലും വമ്പൻ ഹിറ്റര്‍മാരുടെ നിര തന്നെയുണ്ട്. മുംബൈയില്‍ ഇഷാന്‍ കിഷനില്‍ തുടങ്ങി റൊമാരിയോ ഷെപ്പേര്‍ഡ് വരെ നീളുന്നു ഹിറ്റര്‍മാരുടെ നീണ്ട നിര. ചെന്നൈ സൂപ്പര്‍ കിംഗ്സിലാകട്ടെ ഓപ്പണര്‍ രചിന്‍ രവീന്ദ്രയും ശിവം ദുബെയും എം എസ് ധോണിയുമെല്ലാം ഒരു വെടിക്ക് മരുന്നുള്ളവരാണ്.

എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ശരിക്കും ഭയക്കേണ്ട താരത്തിന്‍റെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മറ്റാരുമല്ല, മുംബൈയില്‍ ലോക്കല്‍ ബോയ് ആയ ശിവം ദുബെ ആണ് ആ താരം. ചെന്നൈ ടീമില്‍ ഒരു പയ്യനുണ്ട്. ശിവം ദുബെ എന്നാണ് അവന്‍റെ പേര്. അവന്‍ ശരിക്കും മുംബൈക്കാരനാണ്. അവനടിക്കുന്ന സിക്സുകള്‍ ഒരുപാട് ദൂരത്താണ് ചെന്നു വീഴാറുള്ളത്. ഇന്നവന്‍ രണ്ടോ മൂന്നോ സിക്സുകള്‍ വാംഖഡെക്ക് പുറത്തെ മറൈന്‍ ഡ്രൈവിലും ഒരെണ്ണം ചര്‍ച്ച് ഗേറ്റിലും പിന്നെ ഒരെണ്ണം എയര്‍ ഇന്ത്യ ബില്‍ഡിംഗിലും എത്തിച്ചാലും അത്ഭുതപ്പെടാനില്ല. അതുകൊണ്ട് മുംബൈക്ക് അവൻ ശരിക്കും ഭീഷണിയാണെന്നാണ് ഞാന്‍ കരുതുന്നത്-ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ആര് ജയിച്ചാലും രാജസ്ഥാന്‍റെ ഒന്നാം സ്ഥാനം തൽക്കാലം ഇളകില്ല; നിർണായകമാകുക ചൊവ്വാഴ്ച കൊൽക്കത്തക്കെതിരായ മത്സരം

ഹൈ സ്കോറിംഗ് കളികളില്‍ സിക്സ് അടിക്കുന്നവരാകും നിര്‍ണായകമാകുക. തുടര്‍ച്ചയായി കൂറ്റന്‍ സിക്സ് അടിക്കാന്‍ കഴിയുന്നവര്‍ ടീമിന്‍റെ വിജയം നിര്‍ണയിക്കും. ദുബെക്ക് ആ കഴിവുണ്ട്. അതിനുള്ള തീ അവന്‍റെ ഉള്ളിലുമുണ്ട്. ലോകകപ്പ് ടീമിലെത്താന്‍ ഇന്ന് നടത്തുന്ന മികച്ച പ്രകടനവും അവനെ സഹായിക്കുമെന്നുറപ്പാണ്. അതില്‍പ്പരം വലിയൊരു പ്രചോദനം ആവശ്യമില്ലല്ലോ എന്നും ആകാശ് ചോപ്ര ചോദിച്ചു.

ഈ സീസണില്‍ അഞ്ച് ഇന്നിംഗ്സുകളില്‍  34*, 51, 18, 45, 28, എന്നിങ്ങനെയായിരുന്നു ദുബെയുടെ ബാറ്റിംഗ്. ഇതുവരെ കളിച്ച അഞ്ച് കളികളില്‍ 176 റണ്‍സടിച്ച ദുബെക്ക് 160 എന്ന മികച്ച സ്ട്രൈക്ക് റ്റുമുണ്ട്. സീസണില്‍ ചെന്നൈയില്‍ കളിച്ച മത്സരങ്ങളില്‍ മാത്രമാണ് സൂപ്പര്‍ കിംഗ്സ് ജയിച്ചതെങ്കില്‍ വാംഖഡെയില്‍ കളിച്ച മത്സരങ്ങളിലാണ് മുംബൈയും ജയിച്ചത്. ബാറ്റിംഗ് പറുദീസയാകുമെന്ന് കരുതുന്ന വാംഖഡെയില്‍ വലിയ സ്കോര്‍ തന്നെ പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios