ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിലേക്ക് ഇനി മടങ്ങിവരില്ലെന്ന് ഹെന്റിച്ച് ക്ലാസന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം, ഇപ്പോള്‍ വിവിധ ട്വന്റി20 ലീഗുകളിലും യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗിലെ റോട്ടര്‍ഡാം ഫ്രാഞ്ചൈസിയുടെ സഹ ഉടമയായും പുതിയൊരു ഇന്നിംഗ്‌സ് ആരംഭിച്ചിരിക്കുകയാണ്. 

ഹൈദരാബാദ്: ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലേക്ക് ഇനി മടങ്ങിവരാന്‍ താനില്ലെന്ന് വെളിപ്പെടുത്തി സ്റ്റാര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍. 2027ലെ ഏകദിന ലോകകപ്പിനായി ക്ലാസനെ തിരികെ വിളിക്കണമെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ ആവശ്യപ്പെടുന്നതിനിടെയാണ് തന്റെ തീരുമാനം ക്ലാസന്‍ വ്യക്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം വിവിധ ട്വന്റി20 ലീഗുകളില്‍ സജീവമായ ക്ലാസന്‍, ഇപ്പോള്‍ യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗിലെ റോട്ടര്‍ഡാം ഫ്രാഞ്ചൈസിയുടെ സഹ ഉടമയായി പുതിയൊരു ഇന്നിംഗ്‌സ് ആരംഭിച്ചിരിക്കുകയാണ്.

ക്ലാസന്‍ പറയുന്നതിങ്ങനെ... ''നിര്‍ഭാഗ്യവശാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ് എന്ന കായിക വിനോദത്തെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ് ഞാന്‍. റോട്ടര്‍ഡാം ടീമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. പ്രത്യേക രഹസ്യങ്ങളൊന്നുമില്ല, ആത്മവിശ്വാസമാണ് പ്രധാനം. എന്റെ ടീം പാര്‍ട്ണറായ ഫാഫ് ഡു പ്ലെസിസിനെ നോക്കൂ, പ്രായം കൂടുന്തോറും അദ്ദേഹം കൂടുതല്‍ കരുത്തനാവുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ലോകമെമ്പാടുമുള്ള ലീഗുകളില്‍ അദ്ദേഹം ആധിപത്യം പുലര്‍ത്തുന്നു. ഇത് സാധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു.'' ക്ലാസന്‍ വ്യക്തമാക്കി.

ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോമിന് പിന്നിലെ രഹസ്യം

ഐപിഎല്‍ 2026ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മിന്നും ഫോമിലാണ് ക്ലാസന്‍. നിലവില്‍ 9 മത്സരങ്ങളില്‍ നിന്ന് 414 റണ്‍സുമായി ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. വിരമിക്കലിന് ശേഷവും ഈ ഫോം നിലനിര്‍ത്തുന്നതിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് ക്ലാസന്റെ മറുപടി ഇങ്ങനെയായിരുന്നു. മൈതാനത്തിന് പുറത്തുള്ള തയ്യാറെടുപ്പുകളും ശാരീരികക്ഷമതയും ഇതില്‍ പ്രധാനമാണെന്നും, ഒരു ടൂര്‍ണമെന്റിന് മുന്‍പ് മാനസികമായി പുതുമയോടെ എത്താന്‍ സാധിക്കുന്നത് വലിയ ഗുണമാണെന്നും ക്ലാസന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത മത്സരം

ഐപിഎല്ലില്‍ മികച്ച ഫോമിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മെയ് 3-ന് ഹൈദരാബാദിലെ സ്വന്തം മൈതാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.

YouTube video player