മെല്‍ബണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലി ഒന്നാം ഇന്നിംഗ്സില്‍ 467 റണ്‍സിന് പുറത്ത്. ആദ്യദിനം 257-4 എന്ന സ്കോറില്‍ കളി അവസാനിപ്പിച്ച ഓസീസ് രണ്ടാം ദിനം ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 114 റണ്‍സെടുത്ത ട്രാവിസ് ഹെഡ്ഡും 79 റണ്‍സടിച്ച ടിം പെയ്നും ചേര്‍ന്നാണ് ഓസീസിനെ രണ്ടാം ദിനം തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലാണ്. ഒമ്പത് റണ്ണുമായി ടോം ലാഥവും രണ്ട് റണ്ണോടെ റോസ് ടെയ്‌ലറും ക്രീസില്‍. ബ്ലണ്ടലിന്റെയും(15), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും(9) വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്.

77 റണ്‍സുമായി ക്രിസിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്തിന് ഇന്ന് എട്ട് റണ്‍സ് കൂടിയെ കൂട്ടിച്ചേര്‍ക്കാനായുള്ളു. നീല്‍ വാഗ്നറുടെ ബൗണ്‍സറില്‍ ബാറ്റ് വെച്ച സ്മിത്തിനെ സ്ലിപ്പില്‍ ഹെന്‍റി നിക്കോള്‍സ് പറന്നുപിടിച്ചു.

എന്നാല്‍  ഓസീസിനെ പിടിച്ചുകെട്ടാമെന്ന് കിവീസ് സ്വപ്നങ്ങള്‍ അടിച്ചു പറത്തി ക്യാപ്റ്റന്‍ ടിം പെയ്നും(79), ഹെഡ്ഡുും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 150 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഒരിക്കല്‍ കൂടി ഓസീസിനെ സുരക്ഷിത സ്കോറില്‍ എത്തിച്ചു. പെയ്നിനെ വാഗ്നറും സ്റ്റാര്‍ക്കിനെ സൗത്തിയും വീഴ്ത്തിയെങ്കിലും ഹെഡ്ഡ് പോരാട്ടം തുടര്‍ന്നു. കിവീസിനായ വാഗ്നര്‍ നാലും ടിം സൗത്തി മൂന്നും കോളിന്‍ ഡി ഗ്രാന്‍ഡോഹോമെ രണ്ടും വിക്കറ്റെടുത്തു.