സതാംപ്ടണ്‍: പാകിസ്ഥാന്‍ ക്യാപ്റ്റന്‍ അസര്‍ അലിയെ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ പേസറായി ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍. ഇതിഹാസ സ്പിന്നര്‍മാരായ ഷെയ്ന്‍ വോണ്‍ (708), മുത്തയ്യ മുരളീധരന്‍ (800) എന്നിവരാണ് ഇനി ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്. എന്നാലിപ്പോള്‍ തന്നെ 38 വയസായ ആന്‍ഡേഴ്‌സണ്‍ തുടര്‍ന്ന് കളിക്കാനുള്ള സാധ്യത വിരളമാണ്. താരം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകളുണ്ട്. 

പേസര്‍മാരുടെ പട്ടികയില്‍ 563 വിക്കറ്റുകള്‍ വീഴ്ത്തിയ മുന്‍ ഓസീസ് താരം ഗ്ലെന്‍ മഗ്രാത് അടുത്തകാലം വരെ മുന്നില്‍. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം കോട്‌നി വാല്‍ഷ് 519 വിക്കറ്റുകള്‍ സ്വന്തമാക്കി. ആന്‍ഡേഴ്‌സണിന്റെ സഹതാരമായ സ്റ്റുവര്‍ട്ട് ബ്രോഡ് 514 വിക്കറ്റുമായി ആറാം സ്ഥാനത്താണ്. ബ്രോഡില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കെ ആന്‍ഡേഴ്‌സണെ മറികടക്കുമെന്നാണ് വിലയിരുത്തല്‍.

ഓസ്‌ട്രേലിയന്‍ പേസര്‍ പീറ്റര്‍ സിഡിലാണ് ആന്‍ഡേഴ്‌സണ് മുന്നില്‍ ഏറ്റവും കൂടുതല്‍ തവണ കീഴടങ്ങിയത്. 11 തവണ ആന്‍ഡേഴ്‌സണ്‍ സിഡിലിനെ പുറത്താക്കി. എന്നാല്‍ വമ്പന്‍താരങ്ങളുടെ പട്ടിക വേറെയുണ്ട്. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.  മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക്, പാക് ക്യാപ്റ്റന്‍ അസര്‍ അലി, ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഒമ്പത് തവണ ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് നല്‍കിയിട്ടുണ്ട്. 

മുന്‍ ഓസീസ് താരങ്ങളായ ഷെയ്ന്‍ വാട്‌സണ്‍, ബ്രാഡ് ഹാഡിന്‍, ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര, പാക് ഓപ്പണര്‍ ഷാന്‍ മസൂദ് എന്നിവര്‍ എട്ട് തവണയും ആന്‍ഡേഴ്‌സണ് മുന്നില്‍ മുട്ടുമടക്കി. 

2003ല്‍ സിംബാബ്വെക്കെതിരെ ടെസ്റ്റില്‍ അരങ്ങേറിയ ആന്‍ഡേഴ്‌സണ്‍ 17 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് ചരിത്രനേട്ടത്തിലെത്തിയത്. 2003ല്‍ അരങ്ങേറിയെങ്കിലും 2007വരെ ഇംഗ്ലണ്ട് ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ ആന്‍ഡേഴ്‌സണ് കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2007നുശേഷം സ്വിംഗ് കിംഗായി അരങ്ങുവാണ ആന്‍ഡേഴ്‌സണ് പിന്നീട് ഇംഗ്ലണ്ട് ടീമില്‍ എതിരാളികളെ ഇല്ലായിരുന്നു.