സൂററ്റ്: നാടകീയത നിറഞ്ഞതായിരുന്നു സയ്യിദ് മുഷ്താഖ് അലി ടി20 ഫൈനല്‍. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ഒരു റണ്‍സിന് കര്‍ണാടക തമിഴ്‌നാടിനെ തോല്‍പ്പിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ തമിഴ്‌നാടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനാണ് സാധിച്ചത്.

തമിഴ്‌നാടിന് വേണ്ടി അവസാം ക്രീസിലുണ്ടായിരുന്നത് ഇന്ത്യന്‍ ടെസ്റ്റ് താരം ആര്‍ ആശ്വിനായിരുന്നു. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു അശ്വിന്റേത്. എന്നാല്‍ ഇടയ്ക്ക് ഇമ്രാന്‍ താഹിറായും മുഷ്ഫിഖര്‍ റഹീമായും എം എസ് ധോണിയായും അശ്വിന്‍ മാറിയെന്ന് ക്രിക്കറ്റ് ലോകം അഭിപ്രായപ്പെടുന്നു. അതിന് കാരണവുമുണ്ട്.

കര്‍ണാടക മികച്ച തുടക്കം നേടി നില്‍ക്കെ അഞ്ചാം ഓവര്‍ എറിയാനെത്തിയ അശ്വിന്‍ തുടര്‍ച്ചയായ പന്തുകളില്‍ കെ എല്‍ രാഹുലിനെയു മായങ്ക് അഗര്‍വാളിനേയും പുറത്താക്കിയിരുന്നു. അശ്വിന്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത് താഹിറിനെ ഓര്‍മിപ്പിക്കും വിധം ഗ്രൗണ്ടില്‍ ഓടികൊണ്ടാണ്. 

പിന്നാലെ ബാറ്റിങ്ങിനെത്തിയപ്പോഴാണ് അശ്വിന്‍ ബംഗ്ലാദേശ് താരം മുഷ്ഫിഖറിനേയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയേയും ഓര്‍മിപ്പിച്ചത്. അവസാന ഓവറില്‍ തമിഴ്‌നാടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു. കൃഷ്ണപ്പ ഗൗതം എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും അശ്വിന്‍ ബൗണ്ടറി പായിച്ചു. ഇതോടെ താരം മുഷ്ടി ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാല്‍ പിന്നീടുള്ള നാല് പന്തില്‍ അഞ്ച് റണ്‍ തമിഴ്‌നാട് താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ ആഘോഷം വെറുതെയായി. 

ഇതോടെ അശ്വിനെ  ക്രിക്കറ്റ് ലോകം മുഷ്ഫിഖറിനോട് ഉപമിക്കുകയായിരുന്നു. 2016 ലോക ടി20യില്‍ ഇന്ത്യക്കെതിരെ ഇത്തരത്തില്‍ ആഘോഷം നടത്തിയിരുന്നു. അന്ന് 11 റണ്‍സാണ് അവസാന ഓവറില്‍ വേണ്ടിയിരുന്നത്. ഓവറില്‍ രണ്ട് ബൗണ്ടറി നേടിയതോടെ മുഷ്ഫിഖര്‍ ആഘോഷം തുടങ്ങി. എന്നാല്‍ വിജയം ഇന്ത്യക്കായിരുന്നു.

ഇതിനിടെ അശ്വിന്‍ ഹെല്‍മെറ്റ് അഴിച്ചുമാറ്റിയിരുന്നു. ഇതിനെ ധോണിയോടാണ് അശ്വിനെ ഉപമിച്ചത്. അവസാന ഓവര്‍ എറിയാനെത്തിയത് സ്പിന്നറായതുകൊണ്ടാണ് താരം ഹെല്‍മെറ്റ് മാറ്റിയത്. ധോണിയും ഇങ്ങനെയാണെന്നാണ് ക്രിക്കറ്റ് ലോകം അഭിപ്രായപ്പെട്ടത്. അവസാന പന്ത് മുരുകന്‍ അശ്വിനാണ് നേരിട്ടത്. എന്നാല്‍ താരത്തിന് പന്ത് ബാറ്റില്‍ കൊളിക്കാനായില്ല. ഒരു റണ്‍ ഓടിയെടുത്തെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.