മലയാളി താരം സഞ്ജു സാംസണെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പുറത്താക്കിയതിന്റെ പിന്നിലെ പുതിയ വിവരങ്ങള്‍ ബാംഗ്ലൂര്‍ മിറര്‍ പുറത്തുവിട്ടു. 

ബംഗളൂരു: മലയാളി താരം സഞ്ജു സാംസണെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പുറത്താക്കിയതിന്റെ പിന്നിലെ പുതിയ വിവരങ്ങള്‍ ബാംഗ്ലൂര്‍ മിറര്‍ പുറത്തുവിട്ടു. മനസില്ല മനസോടെയാണ് താരത്തെ തഴഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമായും വിശ്രമത്തിന് ശേഷം വിരാട് കോലിയുടെ തിരിച്ചുവരവാണ് സഞ്ജുവിനെ തഴയാന്‍ പ്രധാന കാരണമായത്. മാത്രമല്ല, സെലക്റ്റര്‍മാര്‍ക്ക് ഋഷഭ് പന്തിനെ കളിപ്പിക്കുന്നതില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. 

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. എ്ന്നാല്‍ ഒരു മത്സരം പോലും കളിപ്പിച്ചിരുന്നില്ല. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തെ ഒഴിവാക്കുകയായിരുന്നു. കോലിക്ക് വിന്‍ഡീസിനെതിരായ പരമ്പരയില്‍ ടീമിലേക്കു തിരിച്ചെത്തണമെങ്കില്‍ ഒരാള്‍ വഴിമാറിക്കൊടുക്കേണ്ടിയിരുന്നു. ആ നറുക്ക് സഞ്ജുവിന് വീഴുകയായിരുന്നു. 

പന്തിനെ ഒഴിവാക്കി സഞ്ജുവിന് അവസരം നല്‍കുകയായിരുന്നു മറ്റൊരു സാധ്യത. എന്നാല്‍ സെലക്റ്റര്‍മാര്‍ ഒരിക്കല്‍ക്കൂടി പന്തില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ വര്‍ധിച്ച ജോലി ഭാരം സെലക്ഷന്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു. എന്നാല്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് രോഹിത് സെലക്റ്റര്‍മാരെ അറിയിച്ചു. ശിഖര്‍ ധവാന്റെ ഫോമും ചര്‍ച്ചാവിഷയമായി. ഏകദിന- ടി20 മത്സങ്ങളില്‍ ധവാന്‍ ഫോമിലല്ല. 

ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തി താരത്തെ ടീമില്‍ നിലനിര്‍ത്താനായിരുന്നു അംഗങ്ങളില്‍ ഭൂരിഭാഗത്തിനും താല്‍പര്യം. മാത്രമല്ല, ഐസിസി ടൂര്‍ണമെന്റുകളില്‍ ധവാന്‍ പുറത്തെടുക്കുന്ന അസാമാന്യ പ്രകടനവും സെലക്റ്റര്‍മാര്‍ കണക്കിലെടുക്കുകയായിരുന്നു.