ദുബായ്: ഐസിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മിന്നിത്തിളങ്ങുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ദശാബ്ദത്തിലെ മികച്ച ഏകദിന താരം എന്ന അവാര്‍ഡിനപ്പുറം മറ്റൊരു പ്രധാന നേട്ടം കൂടി കോലിയെ തേടിയെത്തി. ദശാബ്ദത്തിലെ താരവും കോലിതന്നെയാണ്. മാത്രമല്ല ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിനുള്ള ടീമിലും ഇടം നേടിയ ഏക താരവും 32കാരനാണ്. ഇതില്‍ ടെസ്റ്റ് ടീമിനെ നയിക്കാനുള്ള അവസരവും കോലിക്ക് തന്നെ വന്നുച്ചേര്‍ന്നു.

ഐസിസി അവാര്‍ഡുകളുടെ ചരിത്രത്തിലൊന്നാകെ ഒമ്പത് അവാര്‍ഡുകള്‍ കോലി സ്വന്തമാക്കിയിട്ടുണ്ട്. 2017ലാണ് കോലിയെ തേടി ആദ്യ പുരസ്‌കാരമെത്തിയത്. ആ വര്‍ഷം ഐസിസിയുടെ മികച്ച ഏകദിന താരം കോലിയായിരുന്നു. കൂടാതെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും കോലിയെ തേടിയെത്തി. 2018 വര്‍ഷത്തില്‍ മൂന്ന് അവാര്‍ഡുകളാണ് കോലി നേടിയത്. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കോലി നിലനിര്‍ത്തി. കൂടാതെ മികച്ച ഏകദിനത്തിലും ടെസ്റ്റിലും മികച്ച താരമായി കോലി തിരഞ്ഞെടുക്കപ്പെട്ടു.

2019ല്‍ ഒരു പുരസ്‌കാരം മാത്രമാണ് കോലിക്ക് ലഭിച്ചത്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരമായിരുന്നത്. ഏകദിനത്തില്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് അവാര്‍ഡിന് ആധാരമായി സംഭവം നടക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ടിരുന്നു സ്മിത്ത് ഓസീസ് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ മത്സരത്തിനിടെ സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ചു. ഒപ്പം പരിഹാസവും. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കോലി ആരാധകരോട് പരിഹസിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിനായിരുന്നു കോലിക്ക് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം കോലിയെ തേടിയെത്തിയത്.

നിലവില്‍ ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമാണ് കോലി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. അനുഷ്‌കയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കോലി നാട്ടിലേക്ക് തിരിച്ചത്.