നാലര വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഒരിക്കല്‍കൂടി പാഡ് കെട്ടുമ്പോള്‍ പ്രത്യേകതകള്‍ ഏറെ. 2015 ജൂലൈ 19ന് സിംബാബ്‌വെയ്ക്ക് എതിരായിരുന്നു സഞ്ജുവിന്റെ ടി20 അരങ്ങേറ്റം.

പുനെ: നാലര വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഒരിക്കല്‍കൂടി പാഡ് കെട്ടുമ്പോള്‍ പ്രത്യേകതകള്‍ ഏറെ. 2015 ജൂലൈ 19ന് സിംബാബ്‌വെയ്ക്ക് എതിരായിരുന്നു സഞ്ജുവിന്റെ ടി20 അരങ്ങേറ്റം. എന്നാല്‍ പിന്നീട് അവസരമൊന്നും ലഭിച്ചില്ല. അതിന് മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചതുമില്ല. 

ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം അരങ്ങേറ്റം കുറിക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ട ചില കാര്യങ്ങളുണ്ട്. അവസാന ടി20 മത്സരത്തിന് ശേഷം അടുത്ത മത്സരത്തിന് ഇത്രയും ഇടവേളയുണ്ടാക്കിയ ഇന്ത്യന്‍ താരം സഞ്ജുവാണ്. ആദ്യ ടി20യ്ക്ക് ശേഷം 73 ടി20 മത്സരങ്ങളില്‍ സഞ്ജുവിന് കളിക്കാനായില്ല. അവസാന 65 മത്സരങ്ങള്‍ നഷ്ടമായ ഉമേഷ് യാദവായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍. ദിനേഷ് കാര്‍ത്തിക് (56), മുഹമ്മദ് ഷമി (43), രവീന്ദ്ര ജഡേജ (33) എന്നിങ്ങനെയാണ് ആ നിര.

ഇക്കാര്യത്തില്‍ ലോക ക്രിക്കറ്റില്‍ തന്നെ നാലമനാണ് സഞ്ജു. ഇംഗ്ലീഷ് താരം ജോ ഡെന്‍ലിയാണ് ഒന്നാമത്. 79 മത്സരങ്ങള്‍ ഡെന്‍ലിക്ക് നഷ്ടമായി. 2010 അരങ്ങേറിയ താരം പിന്നീട് 2018ല്‍ രണ്ടാം വരവിനെത്തി. ലിയാം പ്ലങ്കറ്റ് (ഇംഗ്ലണ്ട്), മഹേല ഉഡാവറ്റെ (ശ്രീലങ്ക) എന്നിവരാണ് രണ്ടും മൂന്ന് സ്ഥാനങ്ങളില്‍. സഞ്ജുവിനും ഉഡാവറ്റെയ്ക്കും 73 മത്സരങ്ങള്‍ നഷ്ടമായി.