ഹർമൻപ്രീത് കൗറിന് പകരക്കാരിയായി സ്മൃതി മന്ദാന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഇന്ന് ചുമതലയേൽക്കുന്നു. സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയോടെയാണ് സ്മൃതിയുടെ പുതിയ യാത്ര തുടങ്ങുന്നത്. ഈ പരമ്പരയിൽ 133 റൺസ് കൂടി നേടിയാൽ അന്താരാഷ്ട്ര ടി20യിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന ചരിത്രനേട്ടവും താരത്തെ കാത്തിരിക്കുന്നു.

റായ്പൂര്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ സ്മൃതി മന്ദാന യുഗത്തിന് ഇന്ന് തുടക്കം. സ്ഥാനമൊഴിഞ്ഞ ഹര്‍മന്‍പ്രീത് കൗറിന് പകരമാണ് സ്മൃതി ഇന്ത്യയെ നയിക്കാന്‍ എത്തുന്നത്. മനോഹര ഷോട്ടുകള്‍. സ്ഥിരതയാര്‍ന്ന പ്രകടനം. റെക്കോര്‍ഡുകളുടെ സഹയാത്രിക. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖമായി മാറിയ സ്മൃതി മന്ദാനയ്ക്ക് പുതിയ ദൗത്യം, പുതിയ ലക്ഷ്യം. ഒരുപതിറ്റാണ്ടായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ മുന്നില്‍ നിന്ന് നയിച്ച ഹര്‍മന്‍പ്രീത് കൗര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരം ആരെന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.

ക്യാപ്റ്റന്‍സിയിലെ മാറ്റം ടീം ഇന്ത്യയുടെ സമീപനത്തിലും ഉണ്ടാവുമെന്നുറപ്പ്. ആവേശവും ആക്രമണോത്സുകതയും നിറഞ്ഞതായിരുന്ന ഹര്‍മന്‍പ്രീതിന്റെ നേതൃത്വം. സ്മൃതിയാവട്ടെ, ആത്മവിശ്വാസത്തോടെയും ശാന്തതയോടെയും തീരുമാനങ്ങള്‍ എടുക്കുന്ന ക്യാപ്റ്റന്‍. എങ്കിലും, ഏഷ്യന്‍ ഗെയിംസിലെ തുടര്‍ സ്വര്‍ണവും ഏകദിന ലോകകപ്പ് കിരീടവും ഉള്‍പ്പടെയുള്ള നേട്ടങ്ങളിലൂടെ ഹര്‍മന്‍ വെട്ടിയെടുത്ത വിജയ വഴിയിലൂടെ തന്നെയാവും സ്മൃതിയുടെയും യാത്ര. 1996 ജൂലൈ 18ന് മുംബൈയില്‍ ജനിച്ച സ്മൃതി മന്ദാന ക്രീസിലേക്ക് എത്തുന്നത് സഹോദരന്റെ ക്രിക്കറ്റ് ആവശത്തില്‍നിന്ന്.

ഒന്‍പതാം വയസില്‍ അണ്ടര്‍ 15 ടീമിലും 13ാംം വയസ്സില്‍ അണ്ടര്‍ 19 ടീമിലും കളിച്ച സ്മൃതി 2013ല്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച സ്മൃതി 18 ട്വന്റി 20യിലും നാല് ഏകദിനത്തിലും ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റനായിരുന്നു. അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയും 2028ലെ ട്വന്റി ലോകകപ്പും ലോസാഞ്ചലസ് ഒളിംപിക്‌സുമായിരിക്കും സ്മൃതിക്ക് മുന്നിലെ വലിയ വെല്ലുവിളികള്‍.

ഒന്‍പത് ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയോടെ 788 റണ്‍സും 120 ഏകദിനത്തില്‍ 14 സെഞ്ച്വറിയോടെ 5411 റണ്‍സും 179 ട്വന്റി 20യില്‍ രണ്ട് സെഞ്ച്വറിയോടെ 4867 റണ്‍സുമാണ് സ്മൃതിയുടെ പേരിനൊപ്പമുളളത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 5,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന നേട്ടത്തിലേക്ക് സ്മൃതിക്ക് ഇനി 133 റണ്‍സ് കൂടി മതി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഈ അപൂര്‍വ്വ നാഴികക്കല്ല് പിന്നിടാനുള്ള സുവര്‍ണാവസരമാണ് താരത്തിനുള്ളത്.

YouTube video player