ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുമായി ഏറ്റവും മികച്ച നായകനെന്ന ഖ്യാതിയുള്ളയാളാണ് രോഹിത് ശര്‍മ്മ

മുംബൈ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ സഹതാരങ്ങള്‍ക്ക് നല്‍കുന്ന വലിയ പിന്തുണയെ കുറിച്ച് മനസുതുറന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്‌ചവെച്ച പേസര്‍ ആവേശ് ഖാനെ മാച്ച് വിന്നറാക്കി രോഹിത് മാറ്റിയത് ചൂണ്ടിക്കാട്ടിയാണ് പാര്‍ഥീവിന്‍റെ വാക്കുകള്‍. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുമായി ഏറ്റവും മികച്ച നായകനെന്ന ഖ്യാതിയുള്ളയാളാണ് രോഹിത് ശര്‍മ്മ.

'മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. മോശം പ്രകടനം നടത്തുമ്പോള്‍ താരങ്ങള്‍ക്ക് രോഹിത് നല്‍കുന്ന പിന്തുണയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. താരങ്ങള്‍ക്ക് വേണ്ടി പരസ്യമായും വാര്‍ത്താസമ്മേളനങ്ങളിലും രോഹിത് ശബ്‌ദിക്കും. ആവേശ് ഖാന്‍റെ കാര്യം നമ്മള്‍ കണ്ടതാണ്. നാല് പരാജയങ്ങള്‍ സംഭവിച്ചിട്ടും ആവേശിനെ രോഹിത് പിന്തുണച്ചു. എന്നാലദ്ദേഹം മാന്‍ ഓഫ് ദ് മാച്ച് പ്രകടനം തൊട്ടടുത്ത മത്സരത്തില്‍ പുറത്തെടുത്തു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കുന്ന നായകനാണ് രോഹിത് ശര്‍മ്മ. അതാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ച് കിരീടങ്ങള്‍ അദ്ദേഹം നേടാനുള്ള കാരണം. ഇന്ത്യന്‍ ടീമാവട്ടെ രോഹിത്തിന്‍റെ നായകത്വത്തില്‍ ഏഷ്യാ കപ്പും നിദാഹസ് ട്രോഫിയും നേടി' എന്നും പാര്‍ഥീവ് പട്ടേല്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ധവാനും പ്രശംസ 

'അതേസമയം ടീമില്‍ സമ്മര്‍ദമില്ലാതിരിക്കാന്‍ ശ്രമിക്കുന്ന ക്യാപ്റ്റനാണ് ശിഖര്‍ ധവാന്‍. തന്‍റെ താരങ്ങളെ അദ്ദേഹം പിന്തുണയ്‌ക്കുന്നു. താരങ്ങള്‍ക്ക് അവരുടെ പദ്ധതികള്‍ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം ധവാന്‍ നല്‍കുന്നു. സീനിയര്‍ താരങ്ങള്‍ വിശ്രമിക്കുമ്പോള്‍ യുവതാരങ്ങളെ വച്ച് മികച്ച ഫലമാണ് ധവാന്‍ വിന്‍ഡീസിലുണ്ടാക്കിയത്' എന്നും പാര്‍ഥീവ് പ്രശംസിച്ചു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യില്‍ വെറും 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുമായി ആവേശ് ഖാന്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഏഷ്യാ കപ്പ്: അയാളാണ് ഇന്ത്യ-പാക് ടീമുകള്‍ തമ്മിലുള്ള വ്യത്യാ‌സം; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് പാക് മുന്‍താരം