വേഗം കുറഞ്ഞ വിക്കറ്റുകളില്‍ സ്പിന്നര്‍മാര്‍ നിറഞ്ഞാടിയതോടെ ബുമ്രയുടെ അഭാവം ഇന്ത്യ മറന്നു.
ദുബായ്: ടി20 ലോകകപ്പ് വിജയത്തിന്റെ അതേ രീതിയിലാണ് ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യ കിരീടം നേടിയത്. എല്ലാ മത്സരങ്ങള്‍ക്കും ദുബായ് വേദിയായത് ഇന്ത്യക്ക് ഗുണം ചെയ്‌തെങ്കിലും ഇന്ത്യന്‍ ജയത്തിന്റെ കാരണം അതുമാത്രമല്ല. അപരാജിതം, ആധികാരികം, ടെസ്റ്റ് ഫോര്‍മാറ്റില്‍ തിരിച്ചടികള്‍ മറക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വീണ്ടുമരു ഡെസേര്‍ട്ട് സ്റ്റോം മൊമന്റ്. കളം അറിഞ്ഞ് കളിക്കാരെ നിരത്തിയതില്‍ തുടങ്ങി ഇന്ത്യന്‍ വിജയം. യശസ്വി ജയ്‌സ്വാളിനെ പിന്‍വലിച്ച് വരുണ്‍ ചക്രവര്‍ത്തിയെ അവസാന നിമിഷം ടീമിലെടുത്തത് മാസ്റ്റര്‍ സ്‌ട്രോക്ക്.
വേഗം കുറഞ്ഞ വിക്കറ്റുകളില്‍ സ്പിന്നര്‍മാര്‍ നിറഞ്ഞാടിയതോടെ ബുമ്രയുടെ അഭാവം ഇന്ത്യ മറന്നു. കപിലിന്റെ ചെകുത്താന്മാരുടെ നിരയിലെ ഓള്‍റൗണ്ടര്‍മാരെ ഓര്‍മ്മിപ്പിച്ച് ഹാര്‍ദിക് പണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ ത്രയം. സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ ശ്രേയസ് അയ്യരെ ചൊല്ലി തര്‍ക്കമുണ്ടായെങ്കില്‍ ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ മടക്കം നിശബ്ധനായ പോരാളി എന്ന പരിവേഷത്തില്‍. ബഞ്ചിലിരുന്ന റിഷഭ് പന്തിന്റെ പരിഭവം അപ്രസക്തതമാക്കി കെ എല്‍ രാഹുലിന്റെ കൂള്‍ ഫിനിഷിംഗ്.
പാകിസ്ഥാനില്‍ പോയാലും നീലപ്പട പതറില്ലായിരുന്നുവെന്ന് വ്യക്തം. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ചാപ്യന്‍സ് ട്രോഫിയിലും കിരീടമുയര്‍ത്തുമ്പോള്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ടീമിന്ത്യ തന്നെ മുന്നിലെന്ന് എതിരാളികളും സമ്മതിക്കും. വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ ഏഷ്യാ കപ്പില്‍ കിരീടം ഇപ്പോഴേ സ്വപ്നം കണ്ടുതുടങ്ങാം ആരാധകര്‍ക്ക്.
ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്സ് നിര്‍ണായകമായത്.

