ഈ സമയം രോഹിത് ശർമ്മ ഔട്ടായതുപോലെ പിച്ചിൽ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങി. രോഹിത് നടക്കുന്നത് കണ്ടതോടെ പന്ത് ബാറ്റില്‍ തട്ടി എന്ന് ഡൽഹി താരങ്ങൾ ഉറപ്പിച്ചു.

ദില്ലി: ഐപിഎല്ലിൽ ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ കുല്‍ദീപ് യാദവിനെ കബളിപ്പിച്ചാണ് താന്‍ ഡിആര്‍എസ് എടുപ്പിച്ചതെന്ന് തുറന്ന് പറഞ്ഞ് മുംബൈ ഇന്ത്യൻസ് മുന്‍ നായകന്‍ രോഹിത് ശർമ്മ. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്നിംഗ്‌സിലെ ഒമ്പതാം ഓവറിലായിരുന്നു നാടകീയമായ സംഭവം. കുൽദീപ് യാദവ് എറിഞ്ഞ പന്തിൽ രോഹിത് സ്വീപ്പ് ഷോട്ടിന് ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാനായില്ല. പന്ത് നേരെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലേക്കാണ് പോയത്. പന്ത് കൈയിലൊതുക്കിയ രാഹുലും കുല്‍ദീപും ഔട്ടിനായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല.

എന്നാല്‍ ഈ സമയം രോഹിത് ശർമ്മ ഔട്ടായതുപോലെ പിച്ചിൽ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങി. രോഹിത് നടക്കുന്നത് കണ്ടതോടെ പന്ത് ബാറ്റില്‍ തട്ടി എന്ന് ഡൽഹി താരങ്ങൾ ഉറപ്പിച്ചു. ഉടൻ തന്നെ കുൽദീപും രാഹുലും റിവ്യൂ എടുക്കാൻ നായകൻ അക്സര്‍ പട്ടേലിനോട് ആവശ്യപ്പെട്ടു. അക്സര്‍ റിവ്യു എടുക്കുകയും ചെയ്തു. എന്നാൽ ടിവി അമ്പയറുടെ പരിശോധനയിൽ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്നും പാഡിലാണ് കൊണ്ടതെന്നും വ്യക്തമായി. ഇതോടെ ഡൽഹിക്ക് ഒരു വിലപ്പെട്ട റിവ്യു നഷ്ടമായി.

മത്സരശേഷമാണ് രോഹിത് അത് താന്‍ മനപൂര്‍വം ചെയ്തതാണെന്ന് വ്യക്തമാക്കിയത്. എനിക്ക് കുൽദീപിനെ നന്നായി അറിയാം. ഡിആർഎസ് എടുക്കാൻ അവന് വലിയ താൽപര്യമാണ്. അതുകൊണ്ട് തന്നെ ചെറിയൊരു ഭാഗ്യപരീക്ഷണം നടത്തിയതാണ്. 50-50 ചാൻസ് കണ്ടാൽ ഉടൻ റിവ്യൂ എടുക്കുന്ന ആളാണ് കുൽദീപ്. അതുകൊണ്ട് പുറത്തായതുപോലെ അഭിനയിച്ച് ഞാൻ പിച്ചിൽ നിന്ന് മാറാൻ നോക്കി. അത് ഞങ്ങളുടെ ഭാഗ്യത്തിന് ഫലിച്ചു. റിവ്യുവില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അടുത്ത ഓവറിൽ തന്നെ പുറത്തായതിൽ രോഹിത് നിരാശ പ്രകടിപ്പിച്ചു. കളി അവസാനം വരെ കൊണ്ടുപോകാൻ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്ന് രോഹിത് കൂട്ടിച്ചേർത്തു.

Scroll to load tweet…

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആറ് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 162/6 എന്ന സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിൽ യുവതാരം സമീർ റിസ്‌വിയുടെ വെടിക്കെട്ട് പ്രകടനത്തിന്‍രെ കരുത്തില്‍ ഡല്‍ഹി 18.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. റിസ്‌വി 51 പന്തില്‍ 90 റണ്‍സെടുത്ത് ഡല്‍ഹിയുടെ ടോപ് സ്കോററായി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക