പൊച്ചെഫെസ്‌ട്രൂ: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വമ്പന്‍ പേരുകാരന്‍ എന്ന വിശേഷണം ഇതിനകം ലഭിച്ചയാളാണ് അണ്ടര്‍ 19 താരം യശസ്വി ജയ്സ്വാള്‍. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ വിസ്‌മയ ഫോം തുടരുന്ന താരം സൂപ്പര്‍ സെമിയില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടി ഈ വിശേഷണം വെറുതെയല്ല എന്ന് തെളിയിച്ചു. തന്‍റെ വമ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നില്‍ ഇതിഹാസ താരങ്ങളുടെ പ്രചോദനമാണ് എന്ന് യശസ്വി ജയ്സ്വാള്‍ ദക്ഷിണാഫ്രിക്കയില്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്, ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീന്‍ വസീം ജാഫര്‍ എന്നിവര്‍ക്കാണ് യശസ്വി ജയ്സ്വാള്‍ നന്ദിപറയുന്നത്. "വസീം ജാഫറും സച്ചിനുമാണ് എന്‍റെ മാതൃകാ താരങ്ങള്‍. എങ്ങനെ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കണം, ദക്ഷിണാഫ്രിക്ക പോലുള്ള വേഗമേറിയ വിക്കറ്റുകളില്‍ എങ്ങനെ പേസിനെയും ബൗണ്‍സിനെയും മറികടക്കണം എന്നും ജാഫര്‍ പറഞ്ഞുതന്നു. അടുത്ത പന്ത് എങ്ങനെയാവുമെന്ന് എല്ലാ ബൗളര്‍മാരും ഒരു സൂചന നല്‍കും. അത് കണ്ടെത്തണം എന്നായിരുന്നു സച്ചിന്‍റെ നിര്‍ദേശം".

 

അണ്ടര്‍ 19 ലോകകപ്പിന് മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ക്യാമ്പിലെത്തിയ രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകളും ഗുണം ചെയ്തതെന്ന് യശസ്വി ജയ്സ്വാള്‍ പറഞ്ഞു. "ദ്രാവിഡിനോട് ഒട്ടേറെ ചോദ്യങ്ങള്‍ ചോദിച്ചു. ടീം സമ്മര്‍ദത്തിലാകുമ്പോള്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന ചോദ്യത്തിന് അദേഹം ചെറിയ പൊടിക്കൈകള്‍ പറഞ്ഞുതന്നു. അടുത്ത പന്തിനായി ആഴത്തില്‍ ശ്രദ്ധ പതിപ്പിക്കണം എന്നായിരുന്നു വന്‍മതിലിന്‍റെ വാക്കുകള്‍. തന്‍റെ ഗുരുവായ ജ്വാല സിംഗിനും നന്ദിപറയുന്നു"- യശസ്വി ജയ്സ്വാള്‍ പ്രതികരിച്ചു.  

ഇതിനകം 312 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് അണ്ടര്‍ 19 ലോകകപ്പിലെ ടോപ് സ്‌കോറര്‍. സെമിയില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ താരം 113 പന്തില്‍ പുറത്താകാതെ 105 റണ്‍സെടുത്തു. ഇന്ന് നടക്കുന്ന ഫൈനലില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെ ഇന്ത്യ നേരിടും. ദക്ഷിണാഫ്രിക്കയിലെ പൊച്ചെഫെസ്‌ട്രൂവില്‍ ഉച്ചയ്ക്ക് ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് യുവ ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. ബംഗ്ലാദേശിന് ഇത് ആദ്യ ഫൈനലാണ്.