മുംബൈ: സിനിമ മേഖലയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് യുവ ബോളിവുഡ് സിനിമാതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം. 34കാരനായ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ജീവിതം 'എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ സുശാന്തായിരുന്നു നായകന്‍. താരത്തിന്റെ കരിയറിലെ ഹിറ്റുകളില്‍ ഒന്നായി മാറുകയും ചെയ്തുവത്.

സുശാന്തിനെ ധോണിയുടെ വേഷത്തില്‍ തിരഞ്ഞെടുക്കാനുള്ള കാരണത്തെ ഇടയ്ക്ക് ചിത്രത്തിന്റെ സംവിധായകനായ ധീരജ് പാണ്ഡെ സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു... ''ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും ശാന്തനായി മനുഷ്യനാണ് സുശാന്ത്. കഠിനാധ്വാനിയാണ് സുശാന്ത്. ധോണിയുമായി ഒരുപാട് കാര്യങ്ങളില്‍ സുശാന്തിന് സാമ്യമുണ്ട്.'' എന്നായിരുന്നു ധീരജ് അഭിപ്രായപ്പെട്ടത്. 

2016ലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തി. ചിത്രത്തിന് ശേഷവും ഷൂട്ട് ചെയ്യുന്ന സമയങ്ങളിലും ധോണിയുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നു സുശാന്ത്. താരത്തിന്റെ അഞ്ചാമത്തെ സിനിമയായിരുന്നു ഇത്.