കങ്കാരു പരീക്ഷയ്ക്ക് നീലപ്പട, ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്; തല്‍സമയം കാണാന്‍ പതിവ് വഴി അല്ല!
ഏഷ്യാ കപ്പ് കിരീട നേട്ടത്തിന്‍റെ തിളക്കവുമായാണ് ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്

മൊഹാലി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മൊഹാലിയിലാണ് ആദ്യ മത്സരം. ഒരു മണിക്ക് ടോസ് വീഴും. ഇന്ത്യക്കും ഓസ്ട്രേലിയക്കും ഏകദിന ലോകകപ്പിന്‍റെ ഡ്രെസ് റിഹേഴ്‌സലാണ് പരമ്പര. ടീമിലെ പോരായ്‌മകളെല്ലാം പരിഹരിക്കാനുള്ള അവസരമാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇരുകൂട്ടര്‍ക്കും. അതിനാല്‍ ഏറെ നിര്‍ണായകമാണ് ടീമുകളെ സംബന്ധിച്ച് മൂന്ന് കളികളും.
ഏഷ്യാ കപ്പ് കിരീട നേട്ടത്തിന്‍റെ തിളക്കവുമായാണ് ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളിൽ ക്യാപ്റ്റൻ രോഹിത് ശര്‍മ്മ, സൂപ്പര്‍ താരം വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് എന്നിവരില്ലെങ്കിലും ടീമെന്ന നിലയിൽ നീലപ്പട ശക്തര്‍ തന്നെ. കെ എൽ രാഹുൽ നയിക്കുന്ന ടീമിൽ രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് തുടങ്ങി മാച്ച് വിന്നര്‍മാര്‍ ഏറെയുണ്ട്. 21 മാസങ്ങൾക്ക് ശേഷം ഏകദിന ടീമിലേക്കുള്ള ആര്‍ അശ്വിന്‍റെ മടങ്ങിവരവും കാണാം. അക്‌സര്‍ പട്ടേൽ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ ലോകകപ്പ് സംഘത്തിലേക്കും അശ്വിന് വിളിയെത്തിയേക്കും.
മറുവശത്ത് ഓസീസും കരുത്തരാണ്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ൻ, മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീൻ, പാറ്റ് കമ്മിൻസ് ,മിച്ചൽ മാര്‍ഷ്, ജോഷ് ഹെയ്സൽവുഡ് തുടങ്ങി വമ്പൻ താരങ്ങളുമായാണ് ഓസ്ട്രേലിയയുടെയും വരവ്. പരിക്ക് മൂലം ഗ്ലെൻ മാക്‌സ്‌വെല്ലും, മിച്ചൽ സ്റ്റാര്‍ക്കും ഉണ്ടാവില്ലെന്നത് മാത്രമാണ് കങ്കാരുക്കളുടെ കുറവ്. പേസര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് മൊഹാലിയിലേത്. അവസാനം നടന്ന അഞ്ച് കളികളിൽ നാൽപത്തിമൂന്ന് വിക്കറ്റും വീഴ്ത്തിയത് പേസര്‍മാരായിരുന്നു. മുമ്പ് കളിച്ച ഏഴ് മത്സരങ്ങളില്‍ ആറിലും മൊഹാലിയിൽ ജയിച്ചെന്ന മുൻതൂക്കവും ഓസീസിനുണ്ട്. സ്പോര്‍ട്‌സ് 18നാണ് ഇന്ത്യ- ഓസീസ് പരമ്പര ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയുടെ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടേയും ലൈവ് സ്ട്രീമിംഗ് കാണാനും സാധിക്കും.
Read more: എജ്ജാതി ഷോട്ട്! ക്രിക്കറ്റ് കളിച്ച് നരേന്ദ്ര മോദി; വീഡിയോ വൈറല്‍- പക്ഷേ! Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം