ഇന്ത്യയ്ക്കായി ഒന്നിലധികം ലോകകപ്പുകൾ നേടിയവരാണ് അവർ. നമ്മൾ നേടാൻ ആഗ്രഹിക്കുന്ന കാര്യം ഇതിനോടകം സാധിച്ചവർ. അതുകൊണ്ട് തന്നെ അവർ അര്‍ഹിക്കുന്ന ബഹുമാനത്തോടെ ഞാൻ അവരോടൊപ്പം സമയം ചെലവഴിക്കുകയും കാര്യങ്ങൾ പഠിക്കുകയും ചെയ്തു.
ദില്ലി: ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസൺ, തന്‍റെ കരിയർ മാറ്റിമറിച്ച ചില നിർണ്ണായക ഇടപെടലുകളെക്കുറിച്ച് മനസ് തുറന്നു. ടൂർണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുൽക്കർ നല്‍കിയ പിന്തുണയെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പിന് തൊട്ടു മുമ്പ് യുവരാജ് സിംഗിന് കീഴില്‍ പരിശീലനം നടത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് സഞ്ജു 'ഇന്ത്യ ടുഡേ' കോണ്‍ക്ലേവില്‍ തുറന്നു പറഞ്ഞത്.
ലോകകപ്പിന് തൊട്ടുമുമ്പ് യുവരാജ് സിംഗും റോബിൻ ഉത്തപ്പയും എന്നെ ഫോണിൽ വിളിച്ചു. ലോകകപ്പ് നിന്നെ തേടി വരികയാണ്, നീ എന്‍റെ കൂടെ കുറച്ചു സമയം ചെലവഴിക്കണം, അത് നിന്നെ സഹായിക്കും എന്ന് യുവി പാജി പറഞ്ഞു. റോബിൻ ഭായിയയും അതുപോലെ എന്നെ വിളിച്ചു. ഇന്ത്യയ്ക്കായി ഒന്നിലധികം ലോകകപ്പുകൾ നേടിയവരാണ് അവർ. നമ്മൾ നേടാൻ ആഗ്രഹിക്കുന്ന കാര്യം ഇതിനോടകം സാധിച്ചവർ. അതുകൊണ്ട് തന്നെ അവർ അര്‍ഹിക്കുന്ന ബഹുമാനത്തോടെ ഞാൻ അവരോടൊപ്പം സമയം ചെലവഴിക്കുകയും കാര്യങ്ങൾ പഠിക്കുകയും ചെയ്തു- സഞ്ജു പറഞ്ഞു.
ടൂർണമെന്‍റിൽ കളിക്കാൻ അവസരം ലഭിക്കാതെ പുറത്തിരുന്ന സമയത്ത് തന്‍റെ മാനസികാവസ്ഥ ശരിയാക്കിയെടുത്തത് സച്ചിൻ ടെൻഡുൽക്കറുമായുള്ള സംഭാഷണങ്ങളാണെന്നും സഞ്ജു വെളിപ്പെടുത്തി. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക ക്വാർട്ടർ ഫൈനലിൽ 97 റൺസ് നേടി പുറത്താകാതെ നിന്നതിന് പിന്നാലെ സഞ്ജു സച്ചിന് നന്ദി പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയയിൽ ടീമിന് പുറത്തിരുന്നപ്പോൾ ഏത് തരത്തിലുള്ള മനോഭാവമാണ് വേണ്ടതെന്ന് ഞാൻ ചിന്തിച്ചു. അപ്പോൾ ഞാൻ സച്ചിൻ സാറിനെ വിളിച്ചു. ദീര്‍ഘനേരം ഞങ്ങൾ സംസാരിച്ചു. മത്സരത്തിന് തൊട്ടുമുമ്പും അദ്ദേഹം എന്നെ വിളിച്ച് വിശേഷങ്ങൾ തിരക്കിയിരുന്നു. അദ്ദേഹത്തെപ്പോലൊരാളിൽ നിന്ന് ലഭിക്കുന്ന ക്ലാരിറ്റിയും ഗെയിം സെൻസും എനിക്ക് വലിയ കരുത്തായി-സഞ്ജു കൂട്ടിച്ചേർത്തു. ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്കോററായ സഞ്ജു ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായാണ് ഇനി കളിക്കുക.
