കാഫ് നേഷൻസ് കപ്പിൽ ഇറാനെതിരായ മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ ടൂർണമെന്റിൽ നിന്ന് പുറത്ത്. 

ഹിസോര്‍(തജക്കിസ്ഥാന്‍):കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തിരിച്ചടി. ഇറാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ നായകൻ സന്ദേശ് ജിംഗാൻ നാട്ടിലേക്ക് മടങ്ങും. കഴിഞ്ഞ ദിവസം ഇറാനെതിരായ മത്സരത്തിലാണ് സന്ദേശ് ജിംഗാന്‍റെ താടിയെല്ലിന് പരിക്കേറ്റത്. ആദ്യ പകുതിയിലേറ്റ പരിക്കുമായി താരം മത്സരവാസാനംവരെ കളിച്ചിരുന്നു. മത്സര ശേഷം നടത്തിയ സ്കാനിംഗിൽ ജിങ്കാന്‍റെ താടിയെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. മത്സരത്തിൽ ഇറാൻ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയെ തോൽപിച്ചത്. നാളെ നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയാണ് നേരിടുക.

കാഫ നേഷൻസ് കപ്പിലെ ആദ്യ മത്സ‍രത്തില്‍ ആതിഥേയരായ തജക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ഇന്ത്യവിജയത്തുടക്കമിട്ടെങ്കിലും രണ്ടാം മത്സരത്തില്‍ കരുത്തരായ ഇറാനെതിരെ എതിരില്ലാത്ത മൂന്ന് ഗോള്‍ തോല്‍വി വഴങ്ങിയിരുന്നു. ലോക റാങ്കിംഗില്‍ ഇരുപതാമതും ഏഷ്യൻ റാങ്കിംഗില്‍ രണ്ടാമതുമുള്ള ഇറാനെ ആദ്യ പകുതിയില്‍ ഫിഫ റാങ്കിംഗില്‍ 133-ാം സ്ഥാനത്തുള്ള ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയപ്പോള്‍ പ്രതിരോധത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തത് സന്ദേശ് ജിങ്കാനായിരുന്നു.

Scroll to load tweet…

ഇറാനെതിരായ തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാവും. പുതിയ പരിശീലകൻ ഖാലിദ് ജമീലിന് കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ പ്രധാന ടൂര്‍ണമെന്‍റാണ് കാഫ നേഷന്‍സ് കപ്പ്. പരിക്കേറ്റ നാട്ടിലേക്ക് മടങ്ങിയ ജിങ്കാന്‍ ഈ മാസം 17ന് നടക്കുന്ന എഎഫ്സി രണ്ടാം ഡിവിഷൻ മത്സരത്തില്‍ അല്‍ സവാര എഫ് സിക്കെതിരെ എഫ് സി ഗോവക്കുവേണ്ടി കളിക്കാനിറങ്ങുമോ എന്ന കാര്യവും സംശയത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക