സില്‍ഹെറ്റ്: സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍. മഴ കാരണം 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 322 റണ്‍സ് നേടി. സെഞ്ചുറി നേടിയ ലിറ്റണ്‍ ദാസ് (176), തമീം ഇഖ്ബാല്‍ (128) എന്നിവരാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ആദ്യ രണ്ട് ഏകദിനവും ജയിച്ച ബംഗ്ലാദേശ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

ബംഗ്ലാദേശിന്റെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് തമിം- ദാസ് സഖ്യം പടുത്തുയര്‍ത്തിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 292 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പരമ്പരയില്‍ ഇരുവരുടെയും രണ്ടാം സെഞ്ചുറിയാണിത്. ദാസ് ആദ്യ മത്സരത്തിലും തമീം രണ്ടാം മത്സരത്തിലും സെഞ്ചുറി കണ്ടെത്തിയിരുന്നു. 143 പന്തില്‍ എട്ട് സിക്‌സും 16 ഫോറും അടങ്ങുന്നതായിരുന്നു ദാസിന്റെ ഇന്നിങ്‌സ്. തമീം 109 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും കണ്ടെത്തി.  ഇവര്‍ക്ക് പുറമെ അഫിഫ് ഹുസൈനാണ് (7) പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. മഹ്മുദുള്ള (3) പുറത്താവാതെ നിന്നു. 

സിംബാബ്‌വെയ്ക്ക് വേണ്ടി കാള്‍ മുംബയാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. മറുപടി ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തിട്ടുണ്ട്.