ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ ജയം. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 134 റണ്‍സിന്റെ വിജയമാണ് ഓസീസ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഡേവിഡ് വാര്‍ണറുടെ (56 പന്തില്‍ പുറത്താവാതെ 100) സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു.

അഡ്‌ലെയഡ്: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ ജയം. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 134 റണ്‍സിന്റെ വിജയമാണ് ഓസീസ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഡേവിഡ് വാര്‍ണറുടെ (56 പന്തില്‍ പുറത്താവാതെ 100) സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇതോടെ മൂന്ന് മത്സരങങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിലെത്തി.

ടി20 ക്രിക്കറ്റില്‍ വാര്‍ണറുടെ ആദ്യ സെഞ്ചുറിയായിരുന്നു ഇന്നത്തേത്. 10 ഫോറും നാല് സിക്‌സും അടങ്ങുന്നതാണ് വാര്‍ണറുടെ ഇന്നിങ്‌സ്. വാര്‍ണറെ കൂടാതെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (36 പന്തില്‍ 64), ഗ്ലെന്‍ മാക്‌സ്‌വെല്‍ (28 പന്തില്‍ 62) എന്നിവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വാര്‍ണര്‍ക്കൊപ്പം ആഷ്ടണ്‍ ടര്‍ണര്‍ പുറത്താവാതെ നിന്നു. ആദ്യ വിക്കറ്റില്‍ വാര്‍ണര്‍- ഫിഞ്ച് സഖ്യം 122 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് മാക്‌സ്‌വെല്ലിനൊപ്പം 107 റണ്‍സ് വാര്‍ണര്‍ നേടി. ശ്രീലങ്കയുടെ കശുന്‍ രജിത നാല് ഓവറില്‍ 74 റണ്‍സാണ് വഴങ്ങിയത്. ലക്ഷന്‍ സന്ധാകന്‍, ദസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി അവിടെ തുടങ്ങിയ തകര്‍ച്ചയില്‍ പിന്നീട് കരകയറാന്‍ അവര്‍ക്ക് സാധിച്ചില്ല. 17 റണ്‍സ് നേടിയ ഷനകയാണ് അവരുടെ ടോപ് സ്‌കോറര്‍. ആഡം സാംപ ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ടും ആഷ്ടണ്‍ അഗര്‍ ഒരു വിക്കറ്റും വീഴ്ത്തി.