ഹൈദരാബാദ്: കെസ്രിക് വില്യംസ്, നിങ്ങളിതിനൊക്കെ എങ്ങനെ പ്രായ്ശ്ചിത്തം ചെയ്യും. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വെറുപ്പിച്ച്, കൊടുത്തതിനെല്ലാം പലിശസഹിതം തിരിച്ചുവാങ്ങിയ ആളാണ് വില്യംസ്. ഹൈദരാബാദ് ടി20യില്‍ അവിടംകൊണ്ടെന്നും വില്യംസിന്‍റെ കാട്ടിക്കൂട്ടലുകള്‍ അവസാനിച്ചില്ല.

മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത വിന്‍ഡീസ് ബൗളറാണ് കെസ്രിക് വില്യംസ്. 3.4 ഓവര്‍ എറിഞ്ഞ താരം 60 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നു നേടാനുമായില്ല. ഇതിനിടെ രണ്ട് നോബോളും ഒരു വൈഡും താരമെറിഞ്ഞു. മത്സരത്തോടെ ഒരു നാണംകെട്ട റെക്കോര്‍ഡിലുമെത്തി വില്യംസ്. 

ഒരു ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന വിന്‍ഡീസ് താരമെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡാണ് വില്യംസിന് കിട്ടിയത്. നികിത മില്ലര്‍ ഓസ്‌ട്രേലിയയോട് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 56 റണ്‍സ് വിട്ടുകൊടുത്തതായിരുന്നു മുന്‍പത്തെ റെക്കോര്‍ഡ്. 

കോലിയോട് കോര്‍ത്ത് നോട്ട്‌ബുക്ക് സെലിബ്രേഷന്‍ ഇരന്നുവാങ്ങിയിരുന്നു മത്സരത്തിനിടെ കെസ്രിക് വില്യംസ്. കൂറ്റന്‍ സിക്‌സ് പറത്തിയ ശേഷമായിരുന്നു കോലിയുടെ നോട്ട്‌ബുക്ക് ആഘോഷം. അതിന്‍റെ ക്ഷീണം മാറുംമുന്‍പേ, ഇന്ത്യ വിജയിച്ച 18-ാം ഓവറില്‍ രണ്ട് സിക്‌സും കോലിയില്‍ നിന്ന് കിട്ടി വില്യംസിന്.