അമ്മ എന്നെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ നടത്തിയ സ്കാനിംഗിലാണ് വൃക്കകളിലെ തകരാര്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഞാന്‍ 12 വയസിനപ്പുറം ജീവിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പോലും പറഞ്ഞത്.
ബ്രിസ്ബേന്‍: ജനിച്ചപ്പോഴെ ഗുരുതര വൃക്കരോഗത്തിന് ഉടമയാണ് താനെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ യുവ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. 12 വയസുവരെയായിരുന്നു ഡോക്ടര്‍മാര്‍ പോലും തനിക്ക് ആയുസ് പ്രവചിച്ചിരുന്നതെന്നും ചാനല്‍ 7ന് നല്‍കിയ അഭിമുഖത്തില്‍ കാമറൂണ്‍ ഗ്രീന്‍ വ്യക്തമാക്കി. ഓസ്ട്രേലിയക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ഗ്രീന്‍ ഭാവി സൂപ്പര്‍ താരമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യൻസിലായിരുന്ന ഗ്രീനിനെ ഇത്തവണ ലേലത്തിന് മുമ്പ് ആര്‍സിബി സ്വന്തമാക്കിയിരുന്നു.
അമ്മ എന്നെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ നടത്തിയ സ്കാനിംഗിലാണ് വൃക്കകളിലെ തകരാര്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഞാന്‍ 12 വയസിനപ്പുറം ജീവിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പോലും പറഞ്ഞത്. എന്നാല്‍ ഗുരുതര വൃക്കരോഗത്തിന്‍റെതായ യാതൊരു ലക്ഷണവും ജനിച്ചപ്പോള്‍ എനിക്കില്ലായിരുന്നു. പിന്നീട് അള്‍ട്രാസൗണ്ട് സ്കാനിംഗിലൂടെയാണ് രോഗം സ്ഥീരീകരിച്ചത്. വൃക്കകളുടെ പ്രവര്‍ത്തനം പതുക്കെ പതുക്കെ നിലച്ചുപോകുന്നതാണ് ഗുരുതരമായ വൃക്കരോഗം.
മറ്റുള്ളവരുടെ വൃക്കകള്‍ പോലെ എന്‍റെ വൃക്കകള്‍ രക്തം ശുദ്ധികരിക്കുന്നതിലും പിന്നിലായിരുന്നു. ഇപ്പോള്‍ അത് 60 ശതമാനം ആണ്. രോഗത്തിന്‍റെ രണ്ടാം ഘട്ടത്തിലാണ് ഞാനിപ്പോഴുള്ളത്. എന്നാല്‍ കരിയറില്‍ ഇതുവരെ തന്‍റെ രോഗാവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യാനായിട്ടുണ്ടെന്നും ഗ്രീന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ 89 റണ്‍സടിച്ച മത്സരത്തില്‍ മാത്രമാണ് ചെറിയ ബുദ്ധിമുട്ട് നേരിട്ടത്. അന്ന് പേശിവലിവ് കാരണം ബുദ്ധിമുട്ടി. ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാത്തതുകൊണ്ടായിരുന്നു അതെങ്കിലും അടിസ്ഥാനപരമായി വൃക്കകളുടെ പ്രശ്നം തന്നെയായിരുന്നു.
എങ്കിലും ഗുരുതര വൃക്കരോഗമുള്ള മറ്റുളളവരെ പോലെ എന്നെ രോഗം ശാരീരികമായി ബാധിച്ചു തുടങ്ങിയിട്ടില്ല എന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. അഞ്ച് ഘട്ടങ്ങളാണ് ഗുരുതര വൃക്ക രോഗങ്ങള്‍ക്കുള്ളത്. എന്‍റേതിപ്പോള്‍ രണ്ടാം ഘട്ടത്തിലാണ്. അഞ്ചാം ഘട്ടത്തില്‍ വൃക്ക മാറ്റിവെക്കുയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. നല്ല രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തന്‍റെ അവസ്ഥയും മോശമാവുമെന്നും ഗ്രീന്‍ പറഞ്ഞു. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമിലുണ്ടെങ്കിലും ആദ്യ ടെസ്റ്റില്‍ ഗ്രീനിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല.
