ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന്‍റെ പത്താം വാര്‍ഷികം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ എത്രയും വേഗം എനിക്ക് അയച്ചു തരണം എന്നായിരുന്നു അക്രത്തിന്‍റെ ട്വീറ്റ്.

മുംബൈ: കൊവിഡ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പാക് ബൗളിംഗ് ഇതിഹാസം വസീം അക്രം. പതിനാറു വയസു മാത്രമുള്ളപ്പോള്‍ പോലും നിങ്ങള്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരെ ചങ്കുറപ്പോടെ നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കൊവിഡ് 19നെയും നിങ്ങള് സിക്സറിന് പറത്തുമെന്ന് എനിക്കുറപ്പുണ്ട്.

എത്രയും പെട്ടെന്ന് രോഗമുക്തനായി തിരിച്ചുവരൂ മാസ്റ്റര്‍, ഒരു കാര്യം കൂടി, ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന്‍റെ പത്താം വാര്‍ഷികം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ എത്രയും വേഗം എനിക്ക് അയച്ചു തരണം എന്നായിരുന്നു അക്രത്തിന്‍റെ ട്വീറ്റ്.

Scroll to load tweet…

മുന്‍കരുതലെന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും എത്രയും വേഗം വിട്ടിലേക്ക് തിരിച്ചുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സച്ചിന്‍ രാവിലെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും ടീം അംഗങ്ങള്‍ക്കും സച്ചിന്‍ ലോകകപ്പ് വിജയത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. നേരിയ രോഗലക്ഷണങ്ങളെ ഉള്ളൂവെന്നും ക്വാറന്‍റീനില്‍ പ്രവേശിച്ചതായും സച്ചിന്‍ അറിയിച്ചിരുന്നു. അടുത്തിടെ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സച്ചിനൊപ്പം കളിച്ച യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും എസ് ബദരീനാഥിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.