ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം മൂര്‍ച്ഛിക്കുന്ന വേളയിലാണ് വിദ്യാര്‍ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തിയത്.
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. "രാഷ്ട്രീയക്കളി എക്കാലവും തുടരും. പക്ഷേ ഞാനും നമ്മുടെ രാജ്യവും ഈ വിദ്യാര്‍ഥികളെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്".-പത്താന്‍ ട്വിറ്ററില്‍ കുറിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം മൂര്‍ച്ഛിക്കുന്ന വേളയിലാണ് വിദ്യാര്‍ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തിയത്.
ഞായറാഴ്ച വൈകുന്നേരമാണ് ജാമിയയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളും ദില്ലി പൊലീസും സംഘര്‍ഷമുണ്ടായത്. അനുമതിയില്ലാതെ ക്യാമ്പസിനകത്തേക്ക് പൊലീസ് കയറിയെന്നും വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ജാമിയ മിലിയ സര്‍വകലാശാലയിലെ വിസിയും രംഗത്തെത്തി. സാംസ്കാരിക മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. അലിഗഢ് സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ സമരമുഖത്താണ്. ജാമിയക്ക് പിന്നാലെ രാജ്യത്തെ പ്രധാന സര്‍വകലാശാലകളിലേക്കെല്ലാം സമരം വ്യാപിച്ചു.
അതേസമയം, ക്യാമ്പസിനകത്തേക്ക് കയറിയിട്ടില്ലെന്നാണ് പൊലീസ് വാദം. ക്യാമ്പസിനുള്ളില്‍ നിന്ന് പൊലീസിനു നേരെ കല്ലേറുണ്ടായെന്നും കല്ലെറിഞ്ഞവരെ പിടിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നുമാണ് വാദം. സമരം ചെയ്ത അമ്പതോളം വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റിഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ലാത്തിചാര്‍ജില്‍ പരിക്കേറ്റ നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
