കൊച്ചി: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡിനെ താന്‍ പരസ്യമായി അപമാനിച്ചുവെന്ന രാജസ്ഥാന്‍ മുന്‍ പരിശീലകന്‍ പാഡി അപ്ടനിന്റെ ആത്മകഥയായ  'ബെയര്‍ ഫൂട്ടിലെ' വെളിപ്പെടുത്തലിനെതിരെ മലയാളി താരം ശ്രീശാന്ത്. ദ്രാവിഡിനെതിരെ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹത്തെപ്പോലെ ബഹുമാന്യനായ ഒരാളോട് മോശമായി പെരുമാറാന്‍ തനിക്കാവില്ലെന്നും ശ്രീശാന്ത് ഹലോ ലൈവില്‍ പറഞ്ഞു. ഏറ്റവും മികച്ച നായകനായിരുന്നു ദ്രാവിഡെന്നും ശ്രീശാന്ത് വ്യക്തമാക്കി.

വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് കളിക്കാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുമ്പ് മോശം പെരുമാറ്റത്തിന്റെ പേരില്‍ ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നുവെന്ന് ആത്മകഥയില്‍ അപ്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ അപ്ടനിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ചെന്നൈക്കെതിരായ മത്സരത്തില്‍ കളിപ്പിക്കാതിരുന്നതിനോ ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും ശ്രീശാന്ത് പറഞ്ഞു.

ധോണിയുടെ വിക്കറ്റെടുത്തശേഷം ചെന്നൈക്കെതിരെ കളിപ്പിച്ചില്ല

ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള തന്റെ ശത്രുതയെക്കുറിച്ചും ശ്രീശാന്ത് മനസുതുറന്നു. ചെന്നൈയുടെ ജേഴ്സിക്ക് മഞ്ഞ നിറമാണ്. അത് കാണുമ്പോള്‍ ഓസ്ട്രേലിയന്‍ ടീമിനെയാണ് എനിക്ക് ഓര്‍മവരാറുള്ളത്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ കളിക്കുമ്പോള്‍ വര്‍ധിത ആവേശത്തോടെയാണ് ഞാന്‍ പന്തെറിയാറുള്ളത്.

ഡര്‍ബനില്‍ നടന്നൊരു മത്സരത്തില്‍ ഞാന്‍ ചെന്നൈ നായകനായ ധോണിയെ ബൗള്‍ഡാക്കിയിരുന്നു. ആ മത്സരത്തിനുശേഷം ചെന്നൈക്കെതിരെ ഒരു മത്സരത്തിലും കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല. എന്നെ ഒഴിവാക്കാനുള്ള വ്യക്തമായ കാരണങ്ങളൊന്നും ടീം മാനേജ്മെന്റ് എന്നെ ബോധിപ്പിച്ചിട്ടില്ല. ധോണിക്കെതിരെ എനിക്കൊരു ദേഷ്യവുമില്ല. പക്ഷെ അവരുടെ ജേഴ്സിയുടെ നിറം എന്നില്‍ ആവേശം നിറക്കാറുണ്ട്.


പാഡി അപ്ടന്‍

എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പാഡി അപ്ടനോട് ടീമിലെ പലര്‍ക്കും വലിയ ബഹുമാനമൊന്നും ഇല്ലായിരുന്നു. അയാള്‍ അത്രവലിയ കളിക്കാരനൊന്നുമായിരുന്നില്ല. ഞാനയാളോട് ഇടക്കിടെ സംസാരിക്കാറുണ്ട്. എനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്താണെന്ന് എനിക്കറിയില്ല. അതയാള്‍ വിശദീകരിച്ചേ പറ്റൂ-ശ്രീശാന്ത് പറഞ്ഞു.

വരുന്നു... ശ്രീശാന്തിന്റെ ആത്മകഥ

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം താന്‍ ആത്മകഥയെഴുതുമെന്നും അതില്‍ പലതും തുറന്നുപറയുമെന്നും ശ്രീശാന്ത് പറഞ്ഞു. ആത്മകഥക്കായി അഞ്ച് വര്‍ഷം കൂടി കാത്തിരിക്കണം. എന്നെ ചുറ്റിപ്പറ്റിയുള്ള കഥകളെക്കുറിച്ചെല്ലാം അതില്‍ തുറന്നെഴുതുമെന്നും ശ്രീശാന്ത് പറഞ്ഞു.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ബിസിസിഐ അച്ചടക്കസമിതി ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇത് ഏഴു വര്‍ഷമായി കുറച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ 13ന് ശ്രീശാന്തിന്റെ വിലക്ക് തീരും.