ഗോവയിലെ വീട്ടിൽ എനിക്ക് അഞ്ച് നായ്ക്കളുണ്ട്. അവരോടൊപ്പം സമയം ചെലവഴിക്കുന്നതാണ് എന്‍റെ ഏറ്റവും വലിയ സന്തോഷം. അത് എന്നെ വളരെയധികം ശാന്തനാക്കുന്നു.
ലക്നൗ: വ്യക്തിജീവിതത്തെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ മകനും ലക്നൗ സൂപ്പർ ജയന്‍റ്സ് ഓൾ റൗണ്ടറുമായ അർജുൻ ടെൻഡുൽക്കർ. ഐപിഎല്ലില്‍ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ശുഭാങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിലാണ് തനിക്ക് ക്രിക്കറ്റില്‍ സുഹൃത്തുക്കൾ ആരുമില്ലെന്ന് അര്‍ജുൻ വെളിപ്പെടുത്തിയത്. ഈ സീസണില്‍ മുംബൈ ഇന്ത്യൻസിൽ നിന്ന് ലക്നൗ സൂപ്പർ ജയന്‍റ്സിലേക്ക് മാറിയ അർജുൻ, പുതിയ ജേഴ്സിയില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.
എപ്പോഴും ശാന്തനായി ഇരിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് അർജുൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഗോവയിലെ വീട്ടിൽ എനിക്ക് അഞ്ച് നായ്ക്കളുണ്ട്. അവരോടൊപ്പം സമയം ചെലവഴിക്കുന്നതാണ് എന്‍റെ ഏറ്റവും വലിയ സന്തോഷം. അത് എന്നെ വളരെയധികം ശാന്തനാക്കുന്നു.
ക്രിക്കറ്റ് ലോകത്തെ സുഹൃത്തുക്കളെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് അങ്ങനെയുള്ള സുഹൃത്തുക്കൾ അധികമില്ലെന്നും തന്‍റെ മിക്ക സുഹൃത്തുക്കളും ക്രിക്കറ്റ് കളിക്കുന്നവരല്ലെന്നും അർജുൻ വ്യക്തമാക്കി. അവർക്ക് ക്രിക്കറ്റിനെക്കുറിച്ച് വലിയ അറിവില്ല, അതിനാൽ തന്നെ ഞങ്ങൾ തമ്മിൽ ക്രിക്കറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാറുമില്ല- അര്‍ജുന്‍ കൂട്ടിച്ചേർത്തു.
സച്ചിന്‍റെ മകൻ എന്ന നിലയിൽ വലിയ പ്രതീക്ഷകളും സോഷ്യൽ മീഡിയ പരിഹാസങ്ങളും നേരിടേണ്ടി വരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്ന് അർജുൻ മറുപടി നൽകി. മുംബൈ ഇന്ത്യൻസിൽ ജസ്പ്രീത് ബുംറ, ട്രെന്‍റ് ബോൾട്ട് തുടങ്ങിയ ലോകോത്തര താരങ്ങളുടെ സാന്നിധ്യം കാരണം അർജുന് അവസരങ്ങൾ കുറവായിരുന്നു. എന്നാൽ ലക്നൗവിൽ മുഹമ്മദ് ഷമി, മായങ്ക് യാദവ് തുടങ്ങിയവർക്കൊപ്പം കളിക്കുമ്പോൾ അർജുന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പിതാവ് സച്ചിന് പുറമെ താൻ ആരാധിക്കുന്ന താരം ആരാണെന്ന ചോദ്യത്തിന് യുവരാജ് സിംഗ് എന്നായിരുന്നു അർജുന്‍റെ ഉത്തരം. യുവി ഒരു സ്പിന്നറല്ലേ എന്ന ചോദ്യത്തിന്, അദ്ദേഹം സ്പിന്നറായിരുന്നു, പക്ഷേ ഞാൻ ഒരു പേസറാണ് എന്ന് പുഞ്ചിരിയോടെ അര്‍ജുന്‍ മറുപടി നൽകി. ബൗളിംഗിന് പുറമെ ബാറ്റിംഗിലും തിളങ്ങാൻ ശേഷിയുള്ള അർജുൻ, ലക്നൗവിന്‍റെ ലോവർ മിഡിൽ ഓർഡറിൽ നിർണായക സ്വാധീനമാകുമെന്നാണ് കരുതപ്പെടുന്നത്.
