ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാളെ യുഎഇയെ നേരിടുമ്പോൾ ശുഭ്മാൻ ഗില്ലിന്റെ ബാല്യകാല സുഹൃത്ത് യുഎഇക്കായി പന്തെറിയും. 

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാളെ ആതിഥേയരായ യുഎഇയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റ ബാല്യകാല സുഹൃത്ത് യുഎഇക്ക് വേണ്ടി പന്തെറിയും. യുഎഇ ടീമിലെ ഇടം കൈയന്‍ സ്പിന്നറായ 35കാരന്‍ സിമര്‍ജീത് സിംഗാണ് യുഎഇക്ക് വേണ്ടി ഇന്ത്യക്കെതിരെ പന്തെറിയാനിറങ്ങുക. കുട്ടിക്കാലം മുതല്‍ ഒരുമിച്ച് കളിച്ചുവളര്‍ന്നവരാണെങ്കിലും ഗില്ലിന് ഇപ്പോൾ തന്നെ ഓര്‍മയുണ്ടാവുമോ എന്നറിയില്ലെന്ന് സിമര്‍ജീത് സിംഗ് പറഞ്ഞു. കുട്ടിയായിരിക്കുമ്പോഴെ എനിക്ക് അവനെ അറിയാം. പക്ഷെ അവന് ഇപ്പോള്‍ എന്നെ ഓര്‍മയുണ്ടോ എന്നറിയില്ല. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ മൊഹാലിയിലെ നെറ്റ്സില്‍ പരിശീലനത്തിന് വന്നിരുന്ന 12കാരനെ താന്‍ ഇപ്പോഴും ഓര്‍ക്കുന്നുവെന്നും സിമര്‍ജീത് സിംഗ് ഗില്ലിനെക്കുറിച്ച് പറഞ്ഞു.

2011-2012 കാലഘട്ടത്തിലാണ് അത്, അന്ന് ഗില്ലിന് 11-12 വയസു കാണും.രാവിലെ ആറു മുതല്‍ 11 വരെ മൊഹാലിയിലെ പ‍ഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പരിശീലനത്തിനിറങ്ങുക. അച്ഛന്‍റെ കൂടെയാണ് ഗില്‍ ഗ്രൗണ്ടിലേക്ക് വരിക. അന്ന് പതിവ് പരിശീലനത്തിന് ശേഷം ഞാന്‍ കൂടുതല്‍ ഓവറുകളെറിഞ്ഞ് അധിക പരിശീലനം നടത്താറുണ്ട്. അങ്ങനെ ഗില്ലിനും കുറെ ഓവറുകള്‍ ഞാൻ പന്തെറിഞ്ഞിട്ടുണ്ട്. പക്ഷെ അതൊക്കെ അവനിപ്പോള്‍ ഓര്‍മയുണ്ടാവുമോ എന്നറിയില്ലെന്നും സിമര്‍ജീത് പറഞ്ഞു. ഇന്ത്യൻ മുന്‍ താരം ലാൽചന്ദ് രജ്‌പുത് ആണ് യുഎഇ ടീമിന്‍റെ പരിശീലകന്‍.യുഎഇക്കായി 12 ടി20 മത്സരങ്ങള്‍ കളിച്ച സിമര്‍ജീത് ഇതുവരെ ആറ് റണ്‍സില്‍ താഴെ ഇക്കോണമിയില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

പഞ്ചാബില്‍ ജില്ലാ ലീഗുകളില്‍ കളിച്ചുതെളിഞ്ഞ സിമര്‍ജീത് 2017ല്‍ പഞ്ചാബിന്‍റെ രഞ്ജി സാധ്യതാ ടീമിലെത്തിയിരുന്നു. പക്ഷെ പഞ്ചാബ് ടീമില്‍ കളിക്കാനായില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന്‍റെ നെറ്റ് ബൗളറായും സിമര്‍ജീത് പന്തെറിഞ്ഞിട്ടുണ്ട്. കൊവിഡ് കാലത്ത് ദുബായിയില്‍ 20ദിവസത്തെ ക്രിക്കറ്റ് പിശീലനത്തിനുപോയതോടെയാണ് സിമര്‍ജിത്തിന്‍റെ കരിയര്‍ വഴിമാറിയത്. വിമാനയാത്രാവിലക്ക് വന്നതിനെത്തുടര്‍ന്ന് സിമര്‍ജിത് മാസങ്ങളോളം ദുബായിയില്‍ കുടുങ്ങി. മാസങ്ങളോളം യുഎഇയില്‍ തുടരേണ്ടിവന്നതോടെ യുഎഇയിലെ ആഭ്യന്തര ക്രിക്കറ്റില്‍ സിമര്‍ജീത് പിന്നീട് കളിക്കാന്‍ തുടങ്ങി.

Scroll to load tweet…

പിന്നീട് 2012ഓടെ യുഎഇയില്‍ സ്ഥിരതാമസമാക്കിയ സിമര്‍ജീത് ജൂനിയര്‍ താരങ്ങളുടെ പരിശീലകനായും തിളങ്ങുകയാണിപ്പോള്‍. നാളത്തെ ഇന്ത്യ-യുഎഇ മത്സരത്തില്‍ ആരെ പിന്തുണക്കുമെന്ന ചോദ്യത്തിന് കടുപ്പമേറിയ ചോദ്യമാണെന്നും ഇന്ത്യക്കായി കളിക്കണമെന്നായിരുന്നു സ്വപ്നമെങ്കിലും ഇപ്പോള്‍ യുഎഇ താരമായതിനാല്‍ യുഎഇയെ പിന്തുണക്കുമെന്നും സിമര്‍ജീത് പറഞ്ഞു.