Asianet News MalayalamAsianet News Malayalam

'ഷംസിയെ ആക്രമിക്കുകയായിരുന്നു പദ്ധതി, പാളിയത് രണ്ട് ഷോട്ടില്‍'; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

സഞ്ജുവിന്‍റെ ഉഗ്രന്‍ പോരാട്ടം നിര്‍ഭാഗ്യം കൊണ്ടുമാത്രം വിജയിക്കാതെവന്നപ്പോള്‍ ഇന്ത്യ 9 റണ്‍സിന്‍റെ തോല്‍വി നേരിട്ടിരുന്നു

I fell short by two shots says Sanju Samson after lose in IND vs SA 1st ODI
Author
First Published Oct 7, 2022, 10:51 AM IST

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ അവസാന ഓവറില്‍ നാല് സിക്‌സറുകള്‍ നേടാനാകുമെന്ന് ഉറപ്പായിരുന്നെന്നും രണ്ട് ഷോട്ടുകള്‍ പിഴച്ചതാണ് തിരിച്ചടിയായതെന്നും ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. മത്സരത്തില്‍ വീരോചിത ഇന്നിംഗ്‌സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി പ്രശംസ പിടിച്ചുപറ്റുമ്പോഴാണ് സഞ്ജുവിന്‍റെ പ്രതികരണം. അവസാന ഓവറിലെ 30 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ടീമിനെ എത്തിക്കാനുള്ള സഞ്ജുവിന്‍റെ ഉഗ്രന്‍ പോരാട്ടം നിര്‍ഭാഗ്യം കൊണ്ടുമാത്രം വിജയിക്കാതെവന്നപ്പോള്‍ ഇന്ത്യ 9 റണ്‍സിന്‍റെ തോല്‍വി നേരിട്ടിരുന്നു. 

അവസാന ഓവറില്‍ 24 പ്രതീക്ഷിച്ചിരുന്നു

'ഇന്നിംഗ്‌സിന്‍റെ അവസാനത്തിൽ എനിക്ക് രണ്ട് ഷോട്ടുകൾ മിസ്സായി. തബ്രൈസ് ഷംസിയെ ആക്രമിക്കുക എന്നതായിരുന്നു പദ്ധതി. കാരണം അദ്ദേഹം നന്നായി ബൗള്‍ ചെയ്യുന്നുണ്ടായിരുന്നില്ല. അദ്ദേഹം ഇന്നിംഗ്‌സിന്‍റെ അവസാനം ഒരോവര്‍ എറിയുമെന്ന് എനിക്കറിയാമായിരുന്നു. അവസാന ഓവറില്‍ 24 റണ്‍സ് കണ്ടെത്താനാകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. 40-ാം ഓവറില്‍ നാല് സിക്‌സറുകള്‍ ഉറപ്പാണെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. ക്രീസില്‍ സമയം ചിലവഴിക്കുന്നത് ഞാനിഷ്‌ടപ്പെടുന്നു. ഒരിക്കല്‍ നിങ്ങൾ ഇന്ത്യൻ ജേഴ്‌സി ധരിച്ചുകഴിഞ്ഞാൽ, അത് വളരെ സവിശേഷമാകും. ജയിക്കാനായാണ് കളിച്ചതെങ്കിലും രണ്ട് ഷോട്ടുകള്‍ വിജയത്തിലെത്തിയില്ല. ഏതായാലും ടീമിനുള്ള എന്‍റെ സംഭാവനയില്‍ സന്തോഷമുണ്ട്'. 

ന്യൂ ബോളില്‍ റണ്‍സ് കണ്ടെത്തുക പ്രയാസമാണ്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് നോക്കിയാല്‍ 15-20 ഓവറുകള്‍ക്ക് ശേഷം പിച്ച് അനായാസമായി. ഡേവിഡ് മില്ലറും ഹെന്‍ഡ്രിക് ക്ലാസനും നന്നായി ബാറ്റ് ചെയ്തു. നമ്മുടെ ടീമില്‍ ബാറ്റിംഗില്‍ എനിക്ക് പുറമെ ശ്രേയസ് അയ്യരും ഷര്‍ദ്ദുല്‍ ഠാക്കൂറും മികച്ചുനിന്നു. ആദ്യ 20 ഓവറുകള്‍ക്ക് ശേഷം പിച്ച് കൂടുതല്‍ ബാറ്റിംഗ് സൗഹാര്‍ദമായതാണ് കാരണം. ലഖ്‌നൗവിലെ ബാറ്റിംഗ് സാഹചര്യങ്ങള്‍ എളുപ്പമായിരുന്നില്ല'. 

ബൗളര്‍മാര്‍ക്ക് പിന്തുണ

അവസാന ഓവറുകളില്‍ റണ്‍സ് വഴങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സഞ്ജു സാംസണ്‍ പിന്തുണ നല്‍കി. 'നമ്മുടെ ചില മേഖലകള്‍ മെച്ചപ്പെടുത്താനുണ്ട്. എന്നാല്‍ നമ്മള്‍ ആര്‍ക്കാണ് പന്തെറിയുന്നത് എന്ന് നോക്കൂ. നിലവിലെ ഏറ്റവും മികച്ച ഫിനിഷറായ ഡേവിഡ് മില്ലറെ പോലുള്ള താരത്തിന് പന്തെറിയുന്നത് പ്രയാസമേറിയ കാര്യമാണ്. ഇപ്പോള്‍ അഞ്ച് ഓവറില്‍ 50 റണ്‍സ് അടിച്ചുകൂട്ടുക അത്ര പ്രയാസമുള്ള കാര്യമല്ല' എന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു. 

ലഖ്‌നൗവിലെ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണ്‍ 63 പന്തില്‍ 86* റണ്‍സുമായി ടോപ് സ്‌കോററായെങ്കിലും ടീം ഇന്ത്യ 9 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. സഞ്ജുവിന്‍റെ ഏകദിന കരിയറിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. തബ്രൈസ് ഷംസി പന്തെറിയാനെത്തുമ്പോള്‍ അവസാന ഓവറില്‍ 30 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഷംസിയുടെ ആദ്യ പന്ത് വൈഡായപ്പോള്‍ റീ-ബോളില്‍ സിക്‌സും അടുത്ത രണ്ട് ബോളുകളില്‍ ബൗണ്ടറികളുമായി സഞ്ജു ടോപ് ഗിയറിലായി. എന്നാല്‍ നാലാം പന്ത് മിസ്സായത് തിരിച്ചടിയായി. അഞ്ചാം പന്ത് ഫോറായപ്പോള്‍ അവസാന പന്തില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. ഇതോടെ ഇന്ത്യന്‍ പോരാട്ടം വിജയത്തിന് 10 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. 

ഇതിനേക്കാള്‍ നന്നായി എങ്ങനെ അക്കൗണ്ട് തുറക്കും! സെവാഗ് സ്റ്റൈല്‍ കൂറ്റന്‍ സിക്‌സുമായി സഞ്ജു സാംസണ്‍- വീഡിയോ

Follow Us:
Download App:
  • android
  • ios