സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടാണ് വെസ്റ്റ് ഇൻഡീസ് ടൂർണമെന്‍റിൽ നിന്ന് പുറത്തായത്. എന്നാൽ തോൽവിക്ക് പിന്നാലെ നാട്ടിലേക്ക് മടങ്ങാനിരുന്ന താരങ്ങൾ നിലവിൽ ഇന്ത്യയിലെ ഹോട്ടൽ മുറികളിൽ കാത്തിരിപ്പിലാണ്.

കൊൽക്കത്ത: ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാനാകാതെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ കുടുങ്ങി. ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ടീമിന്‍റെ മടക്കയാത്ര പ്രതിസന്ധിയിലാക്കിയത്. ഇതോടെ നിസ്സഹായത പ്രകടിപ്പിച്ചു കൊണ്ട് വിൻഡീസ് പരിശീലകൻ ഡാരൻ സമി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു.

സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യയോട് തോറ്റാണ് വെസ്റ്റ് ഇൻഡീസ് ലോകകപ്പില്‍ നിന്ന് പുറത്തായത്. എന്നാൽ തോൽവിക്ക് പിന്നാലെ നാട്ടിലേക്ക് മടങ്ങാനിരുന്ന താരങ്ങൾ നിലവിൽ ഇന്ത്യയിലെ ഹോട്ടൽ മുറികളിൽ കാത്തിരിപ്പിലാണ്. ‘എനിക്ക് വീട്ടിൽ പോയാൽ മതി’ എന്ന് ഡാരൻ സമി എക്സിൽ കുറിച്ചു. ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം സമാന മാനസികാവസ്ഥയിലാണ്. സമിക്ക് പുറമെ സെമിയിലെത്താതെ പുറത്തായ സിംബാബ്‌വെ ടീമും സമാനമായ സാഹചര്യത്തിൽ ഇന്ത്യയിൽ തുടരുകയാണ്.

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളെത്തുടർന്ന് ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ താറുമാറായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിലുണ്ടായ നാശനഷ്ടങ്ങൾ പ്രതിസന്ധി രൂക്ഷമാക്കി. സുരക്ഷാ കാരണങ്ങളാൽ പല അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

Scroll to load tweet…

കളിക്കാരുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കാൻ ഐസിസിയുമായും വിവിധ സർക്കാർ ഏജൻസികളുമായും ചർച്ചകൾ നടത്തിവരികയാണെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നുവെന്നും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ബോർഡ് വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസ് ടീം നിലവിൽ ഇന്ത്യയിലുണ്ട്. അവർ എപ്പോൾ മടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഐസിസി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

നിലവിൽ താരങ്ങൾ സുരക്ഷിതരാണെങ്കിലും, അനിശ്ചിതത്വം നീളുന്നത് ടീമിനെ മാനസികമായി തളർത്തുന്നുണ്ട്. വ്യോമപാതകൾ എന്നത്തേക്ക് സാധാരണ നിലയിലാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക