കളിക്കാനിറങ്ങയിപ്പോഴെ തന്‍റെ ദിവസമാണെന്ന് തോന്നിയിരുന്നുവെന്നും അത് പരമാവധി മുതലാക്കാനായിരുന്നു ശ്രമിച്ചതെന്നും മത്സരത്തിലെ മാന്‍ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടശേഷം അഭിഷേക്

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 100 റണ്‍സ് ജയവുമായി ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം അഭിഷേക് ശര്‍മ നേടിയ 100 റണ്‍സായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയ അഭിഷേക് അതിന്‍റെ നിരാശ മറികടക്കുന്ന പ്രകടനമാണ് തന്‍റെ രണ്ടാം മത്സരത്തില്‍ പുറത്തെടുത്തത്. തുടര്‍ച്ചയായി മൂന്ന് സിക്സുകളുമായി 46 പന്തില്‍ സെഞ്ചുറിയിലെത്തിയ അഭിഷേക് പിന്നാലെ പുറത്താവുകയും ചെയ്തു.

ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. അഭിഷേകിനൊപ്പം റുതുരാജ് ഗെയ്ക്‌വാദ്(47 പന്തില്‍ 77*), റിങ്കു സിംഗ്(22 പന്തില്‍ 48*) എന്നിവരും ചേര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍(2) മാത്രമാണ് ഇന്ത്യൻ നിരയില്‍ നിരാശപ്പെടുത്തിയത്. എന്നാല്‍ മത്സരശേഷം അഭിഷേക് പറഞ്ഞത് താന്‍ സെഞ്ചുറിയടിച്ചത് ഗില്ലിന്‍റെ ബാറ്റ് കൊണ്ടായിരുന്നു എന്നാണ്. ഇന്ന് ഞാന്‍ കളിച്ചത് ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റുകൊണ്ടായിരുന്നു. മികച്ച പ്രകടനം നടത്താനുള്ള സമ്മര്‍ദ്ദമുണ്ടാകുമ്പോഴൊക്കെ താന്‍ ഗില്ലിന്‍റെ ബാറ്റുമായാണ് കളിക്കാനിറങ്ങാറുള്ളതെന്നും അഭിഷേക് ശര്‍മ പറഞ്ഞു. മുമ്പും ഞാനിതുപോലെ ചെയ്തിട്ടുണ്ട്. എപ്പോഴൊക്കെ റണ്‍സ് ആവശ്യമുണ്ടോ അപ്പോഴെല്ലാം ഗില്ലിന്‍റെ ബാറ്റ് എടുക്കുമെന്നും അഭിഷേക് റേവ് സ്പോര്‍ട്സിനോട് പറഞ്ഞു. ഗില്ലും അഭിഷേകും പഞ്ചാബില്‍ നിന്നുള്ള താരങ്ങളാണ്. ജൂനിയര്‍ ക്രിക്കറ്റിലും ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

8 വര്‍ഷത്തിനിടെ ഏറ്റവും വലിയ നാണക്കേട്; തുടർ വിജയങ്ങളിലെ ലോക റെക്കോര്‍ഡും കൈയകലത്തിൽ നഷ്ടമാക്കി യുവ ഇന്ത്യ

കളിക്കാനിറങ്ങയിപ്പോഴെ തന്‍റെ ദിവസമാണെന്ന് തോന്നിയിരുന്നുവെന്നും അത് പരമാവധി മുതലാക്കാനായിരുന്നു ശ്രമിച്ചതെന്നും മത്സരത്തിലെ മാന്‍ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടശേഷം അഭിഷേക് പറഞ്ഞിരുന്നു. ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം എന്‍റെ ആത്മവിശ്വാസം കെടാതെ കാത്തതിന് പരിശീലകരോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും നന്ദിയുണ്ട്. ഞാനെപ്പോഴും കരുതുന്നത് യുവതാരമെന്ന നിലയില്‍ നിങ്ങളുടേതായ ദിവസമാണെന്ന് തോന്നിയാല്‍ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ്. ബാറ്റിംഗിനിടെ റുതുരാജുമായി തുടര്‍ച്ചയായി സംസാരിച്ചിരുന്നു. ഇന്ന് നിന്‍റെ ദിവസമാണ്, അതുകൊണ്ട് അടിച്ചു തകര്‍ക്കാനാണ് റുതുരാജ് പറഞ്ഞത്. എന്‍റെ മേഖലയിലാണെങ്കില്‍ അത് ആദ്യ പന്ത് ആയാലും ഞാന്‍ സിക്സ് അടിച്ചിരിക്കും-അഭിഷേക് പറഞ്ഞു.

Scroll to load tweet…

ഗില്ലിന്‍റെ ബാറ്റ് കൊണ്ട് അഭിഷേകിന് ഭാഗ്യമുണ്ടായെങ്കിലും ഗില്ലിന് സമീപകാലത്ത് പക്ഷെ മികവിലേക്ക് ഉയരാനായിട്ടില്ലെന്നതാണ് രസകരമായ കാര്യം. ഐപിഎല്ലില്‍ ഗുജറാത്ത് നായകനായിരുന്ന ഗില്ലിന് ശരാശരി പ്രകടനം മാത്രമെ പുറത്തെടുക്കാനായിരുന്നുള്ളു. പിന്നാലെ ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് താരം മാത്രമായാണ് താരം ഇടം നേടിയത്. സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ 31 റണ്‍സെടുത്ത് ടോപ് സ്കോററായെങ്കിലും ഇന്ത്യ തോറ്റു. രണ്ടാം മത്സരത്തിലാകട്ടെ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ രണ്ട് റണ്‍സിന് പുറത്താവുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക