വ്യക്തിഗത സ്കോര്‍ 46ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ബ്രൂക്കിനെ റിഷഭ് പന്തും 82ല്‍ നില്‍ക്കെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ യശസ്വി ജയ്സ്വാളും കൈവിട്ടിരുന്നു.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യൻ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കായിരുന്നു. രണ്ടാം ദിനം ബുമ്രയുടെ പന്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും നോ ബോളായതിനാല്‍ ജിവന്‍ കിട്ടയ ബ്രൂക്ക് മൂന്നാം ദിനം ആദ്യ ഓവറില്‍ തന്നെ പ്രസിദ്ധ് കൃഷ്ണക്കെതിരെ സിക്സും ഫോറും അടിച്ചാണ് നയം വ്യക്തമാക്കിയത്. പിന്നീട് വ്യക്തിഗത സ്കോര്‍ 46ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ബ്രൂക്കിനെ റിഷഭ് പന്തും 82ല്‍ നില്‍ക്കെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ യശസ്വി ജയ്സ്വാളും കൈവിട്ടിരുന്നു.

ഒടുവില്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ 99ല്‍ നില്‍ക്കെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കിയ മടങ്ങിയ ബ്രൂക്കിന് സെഞ്ചുറി നഷ്ടമായി. രണ്ട് തവണ ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ കൈവിടുകയും ഒരു തവണ പുറത്തായിട്ടും നോ ബോളിന്‍റെ ആനൂകൂല്യത്തില്‍ രക്ഷപ്പെടുകയും ചെയ്ത ബ്രൂക്ക് 99ല്‍ പുറത്തായത് അവന്‍റെ വിധിയായിരുന്നുവെന്ന് മൂന്നാം ദിനത്തിലെ കളിക്കുശേഷം ജസ്പ്രീത് ബുമ്ര പറഞ്ഞു.

Scroll to load tweet…

99ല്‍ പുറത്താവണമെന്നത് അവന്‍റെ വിധിയായിരുന്നു. കാരണം, അവൻ നോ ബോളില്‍ പുറത്തായശേഷം രണ്ട് തവണ ജീവന്‍ ലഭിച്ചു. എങ്കിലും അവന്‍റെ പ്രകടനമാണ് ഇംഗ്ലണ്ടിന് മത്സരത്തില്‍ തിരിച്ചുവരാന്‍ അവസരം നല്‍കിയത് എന്ന് മറന്നുകൂടാ. സാഹര്യങ്ങള്‍ മനസിലാക്കിയാണ് അവന്‍ ബാറ്റ് ചെയ്തത്. അവസരങ്ങള്‍ മുതലെടുത്ത അവന്‍ ആക്രമണ ക്രിക്കറ്റാണ് പുറത്തെടുത്തത്. അതിനവ് ഫുള്‍ ക്രെഡിറ്റും നല്‍കുന്നു. അടുത്തതവണ കുറച്ചുകൂടി തയാറെടുത്തായിരിക്കും അവനിറങ്ങുകയെന്നും ബുമ്ര പറഞ്ഞു.

മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ 465 റൺസില്‍ പിടിച്ചുകെട്ടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് 465 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ഇന്ത്യക്കിപ്പോൾ 96 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക