ബോക്‌സിന് പുറത്തുനിന്ന് കര്‍വ് ചെയ്തുള്ള മെസിയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോളാണ് ഇന്‍റര്‍ മയാമിക്ക് ജയമൊരുക്കിയത്
ജോര്‍ജിയ: ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിൽ ലിയോണൽ മെസിയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോളിൽ ഇന്‍റർ മയാമിക്ക് ജയം. ഗ്രൂപ്പ് എയില്‍ ഇന്‍റര്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളിന് എഫ്‌സി പോര്‍ട്ടോയെ തോൽപിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു മെസിയുടേയും സംഘത്തിന്‍റേയും ജയം.
ലിയോണല്‍ മെസിയായിരുന്നു ഇന്‍റര്‍ മയാമി- എഫ്‌സി പോര്‍ട്ടോ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. എന്നാല്‍ കിക്കോഫായി എട്ടാം മിനിറ്റിൽ മയാമിയെ ഞെട്ടിച്ച് പെനൽറ്റിയിലൂടെ പോര്‍ട്ടോ മുന്നിലെത്തി. സാമു അഗീഹോവയുടെ വകയായിരുന്നു ഗോള്‍. വാറിലൂടെയായിരുന്നു പോര്‍ട്ടോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടിയത്. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ ടെലസ്‌കോ സെഗോവിയ മയാമിയെ ഒപ്പമെത്തിച്ചു. വൈഗണ്ടിന്‍റെ വകയായിരുന്നു അസിസ്റ്റ്.
അൻപത്തിനാലാം മിനിറ്റിൽ ലിയോണല്‍ മെസിയിലൂടെ മയാമി വിജയഗോള്‍ നേടി. ബോക്‌സിന് പുറത്തുനിന്ന് കര്‍വ് ചെയ്തുള്ള മെസിയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോളാണ് ഇന്‍റര്‍ മയാമിക്ക് ജയമൊരുക്കിയത്.
50 ഗോള്‍ തികച്ച് മെസി
മയാമിക്കായി 61 മത്സരങ്ങളില്‍ മെസിയുടെ 50-ാം ഗോളാണിത്. ബാഴ്‌സലോണയ്ക്കായി 119 മത്സരങ്ങളും അര്‍ജന്‍റീനയ്ക്കായി 107 കളികളും അമ്പത് ഗോള്‍ തികയ്ക്കാന്‍ മെസിക്ക് വേണ്ടിവന്നിരുന്നു.
അതേസമയം, മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മഡ്രിഡ് തകർപ്പൻ ജയം നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അമേരിക്കൻ ക്ലബ് സീറ്റിൽ സൗണ്ടേഴ്സിനെ അത്‌ലറ്റിക്കോ തോൽപിച്ചു. പാബ്ലോ ബാരിയസിന്‍റെ ഇരട്ടഗോൾ കരുത്തിലാണ് അത്‍ലറ്റിക്കോ മിന്നും ജയം നേടിയത്. ആദ്യ മത്സരത്തിൽ പിഎസ്‌ജിയോട് തോറ്റ അത്‍ലറ്റിക്കോയുടെ ടൂർണമെന്‍റിലെ ആദ്യ ജയമാണിത്.
ചെല്‍സി ഇന്ന് കളത്തില്‍
ഇന്നത്തെ പ്രധാന മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ചെൽസി ഇറങ്ങും. ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമിംഗോയാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 11.30ന് അമേരിക്കയിലെ ഫിലഡെൽഫിയ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും ക്ലബ് ലോകകപ്പിൽ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ അമേരിക്കൻ ക്ലബ് ലോസ് ആഞ്ചലസ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസി തോൽപ്പിച്ചിരുന്നു.

