ലോകകപ്പ് സ്‍ക്വാഡിനെ ടീം ഇതിനകം ഉറപ്പിച്ചുകഴിഞ്ഞതായി വാദിക്കുന്നു ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗർ

ബെംഗളൂരു: ഈ വർഷം ഓസ്ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള(T20 World Cup 2022) ഇന്ത്യന്‍ സ്ക്വാഡിനെ(Team India) ചൊല്ലി ചർച്ചകള്‍ ഇതിനകം സജീവമാണ്. പ്രധാനമായും വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിലാണ് ചർച്ചകള്‍. മാസങ്ങള്‍ ബാക്കിനില്‍ക്കേയാണെങ്കിലും ലോകകപ്പ് സ്‍ക്വാഡിനെ ടീം ഇതിനകം ഉറപ്പിച്ചുകഴിഞ്ഞതായി വാദിക്കുന്നു ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗർ(Sanjay Bangar). 

'ഡ്രസിംഗ് റൂം അനുഭവത്തിന് വേണ്ടിയാണ് പേസർ ഉമ്രാന്‍ മാലിക്കിനെ ടീമിലെടുത്തിരിക്കുന്നത്. രാജ്യാന്തര ടീമുകള്‍ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇതിലൂടെ മനസിലാക്കാം. ഐപിഎല്‍ ആഭ്യന്തര ടി20 ലീഗാണ്. രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വാതിലും. ആ അനുഭവം ലഭിക്കാനാണ് ചില താരങ്ങളെ സ്‍ക്വാഡിലുള്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിച്ച 11 താരങ്ങളും വിശ്രമത്തിലുള്ള സീനിയർ താരങ്ങളും ചേരുന്ന 17-18 കളിക്കാർ ലോകകപ്പിന് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു എന്നാണ് തോന്നുന്നത്' എന്നും ബാംഗർ ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20ക്ക് മുന്നോടിയായി സ്റ്റാർ സ്പോർട്സില്‍ പറഞ്ഞു. 

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ 2-2ന് പരമ്പര ഇരു ടീമുകളും പങ്കിട്ടു. തുടക്കത്തില്‍ മഴമൂലം വൈകിയാരംഭിച്ച മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 3.3 ഓവറില്‍ 28-2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും മഴയെത്തിയത്. പിന്നീട് മത്സരം പുനരംരാഭിക്കാന്‍ കഴിഞ്ഞില്ല. 

ഏഴ് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴമൂലം 7.50നാണ് ആരംഭിച്ചത്. മത്സരം ഇരു ടീമിനും 19 ഓവർ വീതമായി ചുരുക്കുകയും ചെയ്തു. ഫൈനലിന് സമാനമായ അഞ്ചാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഓവറില്‍ കേശവ് മഹാരാജിനെ തുടർച്ചയായി രണ്ട് സിക്സറിന് പറത്തിയാണ് ഇഷാന്‍ കിഷന്‍ തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ എന്‍ഗിഡി സ്ലോ ബോളില്‍ ഇഷാനെ(7 പന്തില്‍ 15) ബൌള്‍ഡാക്കി. നാലാം ഓവറില്‍ പന്തെടുത്തപ്പോള്‍ റുതുരാജ് ഗെയ്ക്വാദിനെയും(12 പന്തില്‍ 10) എന്‍ഗിഡി പുറത്താക്കി. ഇന്ത്യ 3.3 ഓവറില്‍ 28-2 എന്ന നിലയിലുള്ളപ്പോള്‍ വീണ്ടും മഴയെത്തുകയായിരുന്നു. പിന്നീട് ചിന്നസ്വാമിയിലെ മഴമേഘങ്ങള്‍ മത്സരത്തെ തുണച്ചില്ല.

IND vs SA : ചിന്നസ്വാമി ടി20 മഴ കൊണ്ടുപോയി; മത്സരം ഉപേക്ഷിച്ചു, പരമ്പര വീതംവെയ്ക്കും