Siddarth Kaul : മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവുമുള്‍പ്പടെ 28 വിക്കറ്റ് നേടിയിട്ടും തന്നെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചില്ലെന്ന് സിദ്ധാര്‍ഥ് കൗള്‍
ബെംഗളൂരു: ടി20 ലോകകപ്പ് (ICC Men's T20 World Cup 2022) മുന്‍നിര്‍ത്തി ബൗളിംഗ് നിരയില്‍ കൂടുതല്‍ യുവതാരങ്ങളെ പരീക്ഷിക്കുകയാണ് ടീം ഇന്ത്യ (Team India). ശ്രീലങ്കയ്‌ക്കെതിരെ അവസാനിച്ച ടി20 പരമ്പരയില്‍ യുവ ബൗളിംഗ് നിരയാണ് ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം അഞ്ച് മത്സരങ്ങളില്‍ ഒരു ഹാട്രിക്കും മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവുമുള്‍പ്പടെ 28 വിക്കറ്റ് നേടിയിട്ടും തന്നെ ഇന്ത്യന്‍ എ ടീമിലേക്ക് പോലും പരിഗണിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിനിടെ പേസര്‍ സിദ്ധാര്‍ഥ് കൗള്‍ (Siddarth Kaul).
'എനിക്ക് ഗോഡ്‌ഫാദര്‍മാരില്ല'
'ആഭ്യന്തര ക്രിക്കറ്റ് പരിഗണിക്കേണ്ട ഘടകമാണ്. കാരണം ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം പുറത്തെടുക്കുന്ന ചില താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാറില്ല. അത്തരം താരങ്ങളെ ഒരു പര്യടനത്തിലും ഉള്‍പ്പെടുത്തുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ എന്‍റെ റെക്കോര്‍ഡ് നോക്കിയാല്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ 28 വിക്കറ്റ് വീഴ്‌ത്തി. ഇതില്‍ ഒരു ഹാട്രിക്കും മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവുണ്ടായിരുന്നു. എന്നാല്‍ ആരും ഈ പ്രകടനമൊന്നും പരിഗണിച്ചില്ല. ഇന്ത്യ എ ടീമില്‍ പോലും അവസരം ലഭിച്ചില്ല' എന്നും സിദ്ധാര്‍ഥ് കൗള്‍ പറഞ്ഞു.
'പ്രകടനം നടത്തുകയാണ് എന്‍റെ ചുമതല. അതിന് കഴിഞ്ഞാല്‍ എനിക്ക് സംതൃപ്‌തി ലഭിക്കും. ടീമിലെടുക്കണോ വേണ്ടയോ എന്നത് സെലക്‌ടര്‍മാരുടെ തീരുമാനമാണ്. എന്‍റെ പ്രകടനം പരിഗണിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കേണ്ടതാണ്. എനിക്ക് ഗോഡ്‌ഫാദര്‍മാരോ എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് പറയാന്‍ അഭ്യുദയകാംക്ഷിയോ ഇല്ല. മികച്ച പ്രകടനം നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറയാനാരുമില്ല. മികച്ച പ്രകടനം നടത്തിയതുകൊണ്ട് മാത്രമാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ അവസരം ലഭിച്ചത്' എന്നും സിദ്ധാര്‍ഥ് കൗള്‍ കൂട്ടിച്ചേര്‍ത്തു.
കൗളിന്‍റെ വേഗമവസാനിച്ച ഇന്ത്യന്‍ കരിയര്‍
2018ല്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ സിദ്ധാര്‍ഥ് കൗളിന് കന്നിയവസരം ലഭിച്ചിരുന്നു. ഇന്ത്യക്കായി മൂന്ന് വീതം ടി20യിലും ഏകദിനങ്ങളും മാത്രമേ പിന്നീട് താരം കളിച്ചിള്ളൂ. 2008ല്‍ വിരാട് കോലിയുടെ നായകത്വത്തില്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടമുയര്‍ത്തിയ ടീമില്‍ അംഗമായിരുന്നു സിദ്ധാര്‍ഥ് കൗള്‍. ഐപിഎല്‍ 2022 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് 31കാരനായ സിദ്ധാര്‍ഥ് കൗളിപ്പോള്‍. ഐപിഎല്‍ കരിയറില്‍ 54 മത്സരങ്ങളില്‍ 58 വിക്കറ്റാണ് കൗള്‍ വീഴ്‌ത്തിയത്.
നിലനിര്‍ത്തിയ താരങ്ങളായ വിരാട് കോലിക്കും മുഹമ്മദ് സിറാജിനും ഗ്ലെന്‍ മാക്‌സ്‌വെല്ലിനും പുറമെ ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹ്‌ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാല്‍ ലോംറര്‍, ഷെര്‍ഫെയ്ൻ റൂതര്‍ഫോഡ്, ഫിന്‍ അലന്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ്, സിദ്ധാര്‍ഥ് കൗള്‍, കരണ്‍ ശര്‍മ്മ, സുയാഷ് പ്രഭൂദേശായ്, ചമാ മിലിന്ദ്, അനീശ്വര്‍ ഗൗതം, ലവ്‌നിത് സിസോദിയ, ആകാഷ് ദീപ് എന്നിവരെയാണ് ഇക്കുറി മെഗാതാരലേലത്തില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.
